ChuttuvattomIdukkiThodupuzha

ഓണഘോഷങ്ങള്‍ക്ക് വര്‍ണ്ണപകിട്ടേകാന്‍ ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുങ്ങി

തൊടുപുഴ: ഓണഘോഷങ്ങള്‍ക്ക് പുതിയ പകിട്ടേകാന്‍ വിപുലമായ പദ്ധതികളുമായി ജില്ല കുടുംബശ്രീ മിഷന്‍. ചിങ്ങം 1 മുതല്‍ 10 ദിവസം നീളുന്ന ഓണം മേളയാണ് കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്നത്. ഓണം മേള കിയോസ്‌കിന്റെ ജില്ലാതലത്തിലുള്ള ഉദ്ഘാടനം വ്യാഴാഴ്ച്ച 10ന് കരിമണ്ണൂര്‍ സി.ഡി.എസില്‍ നടക്കും. ഇതോടനുബന്ധിച്ച് ജില്ലയിലെ മറ്റ് സി.ഡി.എസുകളിലും ഓണം വിപണന മേളക്ക് തുടക്കം കുറിക്കും. ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ചെറുതോണിയിലും അടിമാലിയിലും 24 മുതല്‍ 28 വരെ ജില്ലതലത്തിലുള്ള ഓണം വിപണന മേളയും പ്രവര്‍ത്തിക്കും. ജില്ലയിലെ എല്ലാ സി.ഡി.എസുകളിലും വിവിധ കലാപരിപാടികളോടെ ഓണാഘോഷവും സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളും സംരംഭകരും സ്വന്തമായി നിര്‍മിച്ച സാധനസാമഗ്രികളാണ് വിപണന മേളയുടെ ആകര്‍ഷണം.കുടുംബശ്രീ മിഷന്റെ ബ്രാന്‍ഡ് ഉല്‍പന്നങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സി.ഡി.എസുകളില്‍ വിപണനം നടത്തും. ഓരോ ദിവസവും വ്യത്യസ്ത ഇനങ്ങളിലുള്ള രുചിവൈവിധ്യത്തിലുള്ള പായസം, പൂര്‍ണമായും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, അച്ചാര്‍, ചിപ്സ്, മസാലപ്പൊടികള്‍, പപ്പടം, തുടങ്ങിയ നിരവധി സാധനങ്ങള്‍ വിപണനം ചെയ്യും. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം കുടുംബശ്രീ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും മേളകള്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക കുടുംബശ്രീ സി.ഡി.എസുകള്‍ക്കാണ് മേളയുടെ നടത്തിപ്പ് ചുമതല. തൊടുപുഴ നഗരസഭ -ഒന്ന്,കട്ടപ്പന നഗരസഭ -രണ്ട്, പഞ്ചായത്തുകളില്‍ -51 എന്നിങ്ങനെ 54 സി.ഡി.എസുകള്‍ ഇതിന്റെ ഭാഗമാകും. സാങ്കേതിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഇടമലക്കുടി പഞ്ചായത്തിനെ ഓണം മേളയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് ജില്ല കുടുംബശ്രീ മിഷനാണ്.

Related Articles

Back to top button
error: Content is protected !!