Idukki

സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍ ഓഫീസുകളില്‍ വോട്ടു തേടരുത്: ജില്ലാ കളക്ടര്‍

ഇടുക്കി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്‌കൂളുകള്‍, കോളേജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ത്ഥികള്‍ വോട്ടു തേടരുതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ്ജ് അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊതു-രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കായി സ്‌കൂള്‍, കോളേജ് മൈതാനങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം. ഒരു സാഹചര്യത്തിലും സ്‌കൂള്‍, കോളേജ് അക്കാദമിക കലണ്ടര്‍ തടസപ്പെടാന്‍ പാടില്ല.

സ്‌കൂള്‍, കോളേജ് മാനേജ്‌മെന്റിന്റെയും ബന്ധപ്പെട്ട സബ് ഡിവിഷണല്‍ ഓഫീസറുടേയും മുന്‍കൂര്‍ അനുമതി നേടിയിരിക്കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലായിരിക്കണം അനുമതി നല്‍കേണ്ടത്. ഇത്തരം മൈതാനങ്ങള്‍ ഉപയോഗിക്കുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ കുത്തകയാക്കി മാറ്റാന്‍ പാടില്ല. മൈതാനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി കോടതി നിര്‍ദ്ദേശമോ ഉത്തരവോ നിലവിലുണ്ടെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ല. മൈതാനങ്ങള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചാരകരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം. രാഷ്ട്രീയസമ്മേളനങ്ങള്‍ക്ക് സ്‌കൂള്‍, കോളേജ് ഗ്രൗണ്ടുകള്‍ അനുവദിക്കുന്നതിലുള്ള എല്ലാ ചട്ടലംഘനങ്ങളും തെരഞ്ഞെടുപ്പു കമ്മീഷന്‍ ഗൗരവമായി കാണും.

Related Articles

Back to top button
error: Content is protected !!