Thodupuzha

ലഹരി ലഭ്യത; സ്കൂള്‍ പരിസരങ്ങളില്‍ പ്രത്യേക പരിശോധന

തൊടുപുഴ: സ്കൂള്‍-കോളജ് പരിസരങ്ങളിലെ ലഹരി ലഭ്യത കണ്ടെത്തുന്നതിനായി സ്പെഷല്‍ ഡ്രൈവ്. ജില്ലയിലെ മുഴുവന്‍ സ്കൂള്‍-കോളജ് പരിസരങ്ങളിലും പൊലീസ്, എക്സൈസ്, തൊഴില്‍ വകുപ്പുകളുടെയും ചൈല്‍ഡ് ലൈനിന്‍റെയും സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം സ്പെഷല്‍ ഡ്രൈവ് നടത്തിയത്.സ്കൂള്‍ പരിസരങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ച്‌ ലഹരി ഉല്‍പന്നങ്ങള്‍ വില്‍ക്കുകയും വിദ്യാര്‍ഥികളെ ഇടനിലക്കാരാക്കി കച്ചവടം നടത്തുകയും ചെയ്യുന്നതായ വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നിത്. ജില്ലയിലെ മുഴുവന്‍ സ്റ്റേഷന്‍ പരിധികളിലെയും സ്കൂളുകളുടെ കണക്കെടുത്തായിരുന്നു പരിശോധന.

 

ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതെന്നും അധികൃതര്‍ പറഞ്ഞു. ഇടുക്കി ജില്ല ജഡ്ജിന്‍റെ അധ്യക്ഷതയില്‍ കൂടിയ ജെ.ജെ കമ്മിറ്റി തീരുമാനപ്രകാരം കുട്ടികളെ ചൂഷണങ്ങളില്‍നിന്ന് മോചിപ്പിക്കുക ലക്ഷ്യമിട്ടാണ് നടപടികളുമായി അധികൃതര്‍ രംഗത്തിറങ്ങിയത്. ഡിവൈ.എസ്.പി, എക്സൈസ് ഡെപ്യൂട്ടി കമീഷ്ണര്‍, ചൈല്‍ഡ് ലൈന്‍ കോഓഡിനേറ്റര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ എന്നിവരുടെ കൂടി ആലോചനകള്‍ക്ക് ശേഷമാണ് വ്യാഴാഴ്ച രാവിലെ പത്തിന് എല്ലാ സ്കൂള്‍ പരിസരങ്ങളിലും നടപടി ആരംഭിച്ചത്.

 

വിവിധ വകുപ്പുകളില്‍നിന്നുള്ള പ്രതിനിധികള്‍ വിവിധ സ്കൂള്‍ പരിസരങ്ങളില്‍ നടന്ന പരിശോധനയില്‍ അംഗങ്ങളായി. പരിശോധനയില്‍ ചിലയിടങ്ങളില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങളടക്കം കണ്ടെത്തി. ഇവര്‍ക്കെതിരെ കേസെടുക്കുകയും കടകളില്‍ ബോധവത്കരണമടക്കം സംഘടിപ്പിക്കുകയും ചെയ്തു. ഇതോടൊപ്പം കുട്ടികള്‍ സ്കൂളിനു സമീപത്തെ ചില കടകളില്‍ തങ്ങളുടെ മൊബൈലുകള്‍ സൂക്ഷിക്കാന്‍ നല്‍കുന്നതും ഇതുമായി ബന്ധപ്പെട്ട് ചില കേസുകളും ശ്രദ്ധയില്‍പെട്ടതുമായ സാഹചര്യത്തില്‍ ഇതും പരിശോധനക്ക് വിധേയമാക്കി.

 

പണം വാങ്ങി കടകള്‍ മൊബൈലുകള്‍ സൂക്ഷിക്കുന്നുവെന്നാണ് വിവരം. ഇത് പിന്നീട് ചൂഷണത്തിനടക്കം ഇടയാക്കുന്നതായും പരാതികളുയര്‍ന്നിട്ടുണ്ട്. ഇതുകൂടാതെ ബാലവേല, ബാലചൂഷണം എന്നിവയുമായി ബന്ധപ്പെട്ട പരിശോധനയും ഡ്രൈവിന്‍റെ ഭാഗമായി നടന്നു.

Related Articles

Back to top button
error: Content is protected !!