Thodupuzha

മദ്യപിക്കാത്തയാൾ ഊതിയപ്പോൾ ‘ബീപ്’; പിഴയടയ്ക്കാതെ പറ്റില്ലെന്ന് പൊലീസ്

തൊടുപുഴ :മദ്യപിക്കാത്ത യുവാവിനെക്കൊണ്ട് പൊലീസ് ബ്രെത്ത് അനലൈസറിൽ ഊതിച്ചപ്പോൾ ബീപ് ശബ്ദം കേട്ടതോടെ കേസ് എടുക്കുമെന്ന് പൊലീസ്. എന്നാൽ താൻ മദ്യപിക്കുന്ന ആളല്ലെന്നും വൈദ്യപരിശോധന നടത്തണമെന്നും യുവാവ്. പൊലീസ് പിടിച്ച വിവരം അറിഞ്ഞെത്തിയ യുവാവിന്റെ പിതാവിനെക്കൊണ്ട് ഊതിച്ചപ്പോഴും ബീപ് ശബ്ദം.തങ്ങളെ വൈദ്യപരിശോധന നടത്തി നടപടിയെടുക്കാൻ അച്ഛനും മകനും ആവശ്യപ്പെട്ടതോടെ 500 രൂപ പെറ്റി അടച്ച് പൊയ്ക്കൊള്ളാൻ പൊലീസിന്റെ ഔദാര്യം. എന്നാൽ ഇതിന് തങ്ങൾ തയാറല്ലെന്ന് ഇവർ ശഠിച്ചതോടെ വിലാസം എഴുതിവാങ്ങി വിട്ടയച്ച് പൊലീസ് തടിതപ്പി. ഇന്നലെ രാവിലെ 11 മണിയോടെ കോലാനിയിൽ വാഹന പരിശോധന നടക്കവെയാണു സംഭവം.

ബൈക്കിലെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തി. ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. വാഹനത്തിന്റെ രേഖകളും കൃത്യം. തുടർന്ന് ബ്രെത്ത് അനലൈസറിൽ ഊതിച്ചു. അതിൽ നിന്നു ബീപ് ശബ്ദം കേട്ടതോടെ മദ്യപിച്ചിട്ടുണ്ടെന്നായി പൊലീസ്. താൻ മദ്യപിച്ചിട്ടില്ലെന്നു യുവാവ് ആവർത്തിച്ചു പറഞ്ഞെങ്കിലും പൊലീസ് വഴങ്ങിയില്ല. യുവാവിനെ തടഞ്ഞുവച്ചു. വിവരമറിഞ്ഞ് പിതാവ് കാറിൽ സ്ഥലത്തെത്തി തന്നെയും ഊതിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും ശബ്ദം കേട്ടതോടെ രണ്ടുപേരെയും വൈദ്യപരിശോധന നടത്താൻ പിതാവ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ല.

അവസാനം പിടിച്ച സ്ഥിതിക്ക് 500 രൂപയെങ്കിലും പിഴയടക്കണമെന്നായി പൊലീസ്. നിയമലംഘനം നടത്തിയിട്ടില്ലാത്ത സ്ഥിതിക്ക് പിഴ അടയ്ക്കുന്ന പ്രശ്‌നമില്ലെന്ന് യുവാവും പിതാവും കട്ടായം പറഞ്ഞു. സംഗതി പന്തിയല്ലെന്നു കണ്ടതോടെയാണു യുവാവിന്റെ വിലാസം രേഖപ്പെടുത്തി പൊലീസ് തലയൂരി.

 

 

 

Related Articles

Back to top button
error: Content is protected !!