Thodupuzha

ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിക്ക് തുടക്കമാകുന്നു

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്നു.സംസ്ഥാനത്തെ പതിനാല് ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട ഓരോ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇടുക്കി ജില്ലയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.തുടര്‍ന്ന് മറ്റു പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും ചേര്‍ന്ന് സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍

അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കും. പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വ്വേ സംഘടിപ്പിക്കും.സാധാരണ ജനങ്ങളെ

ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ മറ്റു സാമൂഹ്യമാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യമാണ്. വാര്‍ഡുകളില്‍ നിന്ന് തെരെഞ്ഞെടുക്കുന്ന സന്നദ്ധ അധ്യാപകര്‍ മുഖേനയാണ് പഠിതാക്കള്‍ക്ക് ക്ലാസുകള്‍ നല്കുന്നത്. സന്നദ്ധ അധ്യാപകര്‍ക്ക് കൈറ്റ് മുഖേന പരിശീലനം നല്കും. കൈറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കൈപ്പുസ്തകം ഉപയോഗിച്ചാണ് പഠന ക്ലാസുകള്‍ നല്കുന്നത്. പഠിതാക്കള്‍ക്ക് കുറഞ്ഞത് 10 മണിക്കൂര്‍ ക്ലാസുകള്‍ നല്കും. പഠിതാക്കള്‍ക്ക് എത്തിച്ചേരാന്‍ ഇടമുള്ളയിടങ്ങള്‍ കേന്ദ്രീകരിച്ച് പഠനസൗകര്യം ഒരുക്കും. സാധാരണക്കാര്‍ക്ക്

നിത്യജീവിതത്തില്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ മനസ്സിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ പ്രയോജനം ദുരുപയോഗം എന്നിവ തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.

വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇമെയില്‍ തുടങ്ങിവ വഴി വരുന്ന വ്യാജവാര്‍ത്തകള്‍ എന്നിവ തിരിച്ചറിയുന്നതിനും സൈബര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സ്വയം പരിഹാരം കണ്ടെത്തുന്നതിനും പദ്ധതി സഹായകമാകും.

എല്ലാവര്‍ക്കും ഇ-മെയില്‍ ഐഡി രൂപീകരിക്കുക, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍, ട്രെയിന്‍, ബസ്, എയര്‍ ടിക്കറ്റ് ബുക്ക് ചെയ്യല്‍, ഓണ്‍ലൈനായി വിവിധ ബില്ലുകള്‍ അടക്കല്‍ എന്നിവയും പരിശീലിപ്പിക്കും. ജനപ്രതിനിധികള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സന്നദ്ധപ്രവര്‍ത്തകര്‍, എന്‍.സി.സി കുടുംബശ്രീ, ഐ.സി.ഡി.എസ് ആശാവര്‍ക്കര്‍മാര്‍ ലൈബ്രറി കൗണ്‍സില്‍ ഡയറ്റ് എന്നിവരുടെ സഹായവും ഉണ്ടാകും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി സംഘാടക സമിതി രൂപീകരിക്കും.

Related Articles

Back to top button
error: Content is protected !!