ChuttuvattomThodupuzha

ഇടവെട്ടി കുട്ടിവനത്തിന് ഇനി പുതുമോടി

തൊടുപുഴ: കേന്ദ്ര നഗരവനം പദ്ധതിയില്‍ ഉള്‍പ്പെട്ട ഇടവെട്ടി കുട്ടിവനം ഇനി അഴകിന്റെ റാണിയാകും.നിലവില്‍ സോഷ്യല്‍ ഫോറസ്ട്രിയുടെ കീഴിലാണ് ഇടവെട്ടി കുട്ടിവനം. 12.5 ഹെക്ടര്‍ ഭൂമിയാണ് ഇവിടെയുള്ളത്. രണ്ടുഘട്ടങ്ങളിലായായി ഇവിടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ 35 ലക്ഷം രൂപയാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. പ്രോജക്ട് നല്‍കുന്നതനുസരിച്ച് അടുത്ത ഘട്ടത്തില്‍ കൂടുതല്‍ തുക അനുവദിക്കും. നടപ്പാത, കഫറ്റേരിയ, ഔഷധസസ്യത്തോട്ടം, നക്ഷത്രവനം, മുളങ്കാട്, ഫലവൃക്ഷത്തോട്ടം, പുല്‍മേട്, കുളങ്ങള്‍ എന്നിവയെല്ലാം നഗരവനം പദ്ധതിയുടെ ഭാഗമായി ഒരുക്കും. നിലവില്‍ നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായിവരികയാണ്. വനസംരക്ഷണത്തിന്റെ പ്രാധാന്യവും പച്ചപ്പ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോധവത്കരിക്കുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. വനഭൂമിയിലെ തരിശായി കിടക്കുന്ന സ്ഥലത്താണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
വനംവകുപ്പിന്റെ അധീനതയിലുള്ള തലക്കോട്, വീട്ടൂര്‍ തുടങ്ങി സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും നഗരവനം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് പാസ് മുഖാന്തിരമാകും പൊതുജനങ്ങള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കുക. ഇടവെട്ടി കുട്ടിവനത്തില്‍ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇത് ശക്തമായ പ്രതിഷേധത്തിന് കാരണമായി. വേനല്‍ക്കാലത്ത് തീപിടിത്തവും സാധാരണമായിരുന്നു. നഗരവനം പദ്ധതിയുടെ ഭാഗമായി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ സാമൂഹ്യവിരുദ്ധ ശല്യത്തിനു കുറവുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

Related Articles

Back to top button
error: Content is protected !!