IdukkiLocal Live

ഇലക്ഷന്‍ എക്‌സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനം (തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം) പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി : ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിനും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുന്നതിനുമായി ഇലക്ഷന്‍ എക്‌സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സംവിധാനം (തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സംവിധാനം) ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ ഇലക്ഷന്‍ ഓഫീസറും ജില്ലാ കളക്ടറുമായ ഷീബ ജോര്‍ജ്ജ് അറിയിച്ചു. തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായുള്ള നിരീക്ഷകര്‍, ഫ്‌ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, വീഡിയോ സര്‍വൈലന്‍സ് ടീം എന്നിവയും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരുമായി വാഹന പരിശോധന സമയത്ത് പൊതുജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. 50,000 രൂപയില്‍ ( അന്‍പതിനായിരം ) കൂടുതല്‍ പണം കൈവശം കൊണ്ടുനടക്കുന്നവര്‍ മതിയായ രേഖകള്‍ കരുതേണ്ടതാണ്. ആഭരണങ്ങള്‍ , സമ്മാനങ്ങള്‍ , മറ്റ് സമഗ്രികള്‍ എന്നിവ കൈവശം വച്ചിരിക്കുന്നവരും യാത്രാവേളയില്‍ രേഖകള്‍ കരുതണം. സ്ഥാനാര്‍ത്ഥികളാകുന്നവര്‍ പ്രത്യേക അക്കൗണ്ട് സൂക്ഷിക്കേണ്ടന്നതിനാല്‍, പുതിയ അക്കൗണ്ട് തുറക്കുന്നതിനായി എത്തുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് അതിനുള്ള സൗകര്യം എല്ലാ ബാങ്കുകളും ഏര്‍പ്പെടുത്തണം.

പ്രചാരണത്തിനായി സാമഗ്രികള്‍ പ്രിന്റ് ചെയ്യുന്നതിന് ഏല്പിക്കുന്ന വ്യക്തികളുടെ ഫോട്ടോ പതിച്ച ഡിക്ലറേഷന്‍ ഫോം വാങ്ങേണ്ടതും അതിന്റെ ഒരു പകര്‍പ്പ് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ ആയ ജില്ലാ കളക്ടര്‍ക്ക് ലഭ്യമാക്കേണ്ടതുമാണ്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും മുദ്രണം ചെയ്യുന്ന തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍, പബ്ലിഷര്‍, കോപ്പികളുടെ എണ്ണം എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടതാണ്. പ്രചാരണ സാമഗ്രികള്‍ അച്ചടിക്കുന്ന പ്രിന്റിംഗ് പ്രസ്സുകള്‍ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കണ്‍വെന്‍ഷന്‍ സെന്ററുകളുടെയും ഉടമസ്ഥര്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും എത്രയും വേഗം ജില്ലാ കളക്ടറെ അറിയിക്കേണ്ടതാണ്.

 

Related Articles

Back to top button
error: Content is protected !!