ChuttuvattomThodupuzha

ചികിത്സ കിട്ടാതെ ഇ എസ് ഐ തൊഴിലാളികൾ; സർക്കാരിന്റെ അനാസ്‌ഥയിൽ വലയുന്നത് ആയിരക്കണക്കിന് രോഗികൾ

തൊടുപുഴ: ഇടുക്കി ജില്ലയില്‍ കൃത്യമായി ഇ.എസ്.ഐ. വിഹിതം അടയ്ക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ മതിയായ ചികില്‍സ കിട്ടാതെ കഷ്ടപ്പെടുന്നു. താലൂക്കിലെ 15000ലേറെ വരുന്ന അംഗങ്ങള്‍ക്കായി തൊടുപുഴയില്‍ സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ഒരു ഇ .എസ്.ഐ. ഡിസ്പെന്‍സറി മാത്രമാണുള്ളത്. ഇവിടെ യാതോരു ചികിത്സാ സൗകര്യങ്ങളുമില്ല. അതിനാല്‍ എത്തുന്ന രോഗികളെ ആലുവ പാതാളത്തേയ്ക്ക് റഫര്‍ ചെയ്യുകയാണ്. അടിമാലിയിലും കട്ടപ്പനയിലും മൂന്നാറിലുമുള്ള ഇ .എസ്.ഐ.കോര്‍പ്പറേഷന്‍ ഡിസ്‌പെന്‍സറികളില്‍ നിന്നും മികച്ച സ്വകാര്യ ആശുപത്രികളിലേയ്ക്ക് റഫര്‍ ചെയ്യുമ്പോള്‍ തൊടുപുഴയില്‍ നിന്നു മാത്രം അത് സാധിക്കുന്നില്ല. സര്‍ക്കാര്‍ ഉത്തരവില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികില്‍സ ലഭിക്കുന്നതിന് വഴിയൊരുക്കുന്ന ഈ ഉത്തരവിറക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.

ഒരു ഡിസ്പെസറിയുടെ 25കിലോമീറ്റര്‍ ചുറ്റളവില്‍ ഇ.എസ്.ഐ. ആശുപത്രിയില്ലെങ്കില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലോ എം പാനല്‍ ഹോസ്പിറ്റലിലേക്കോ റഫറന്‍സ് കൊടുക്കണമെന്നാണ് ഇ. എസ്. ഐ. കോര്‍പറേഷന്‍ ചട്ടം. ജില്ലയിലെ മറ്റ് ഡിസ്പെന്‍സറിയില്‍ നിന്നും നേരിട്ട് എം പാനല്‍ ഹോസ്പിറ്റലിലേക്കു ചികിത്സയ്ക്കും മറ്റു വിദഗ്ധ പരിശോധനയ്ക്കും റഫറന്‍സ് നല്‍കുന്നുണ്ട്. എന്നിട്ടും തൊടുപുഴ ഇ.എസ്.ഐ. ഡിസ്പെന്‍സറിയില്‍ നിന്നും പാതാളം ആശുപതിയിലേക്ക് മാത്രമേ റഫര്‍ ചെയ്യാനാകൂ. ഇതിന് കാരണം കേരള തൊഴിൽ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ ഡിസ്പെൻസറിയിൽ നിന്നും നേരിട്ട് റഫറൻസ് നൽകുന്നതിനു സർക്കാർ ഉത്തരവ് ഇല്ല എന്നുള്ളത് കൊണ്ട് ആണ്.

72 കിലോ മീറ്റര്‍ ദൂരെയാണ് ഇ എസ് ഐ പാതാളം ഹോസ്പിറ്റല്‍.അവിടെ ചെന്നാലും ആവശ്യത്തിന് ചികില്‍സ കിട്ടാത്ത സ്ഥിതിയാണ്. മാത്രമല്ല ഇപ്പോൾ റഫര്‍ ചെയ്യുന്നത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയ്ക്കും മറ്റുമാണ്. ഇക്കാരണത്താല്‍ ചികില്‍സ വളരെ വൈകുന്നു. ഫലത്തില്‍ തൊഴിലാളികളും തൊഴിലുടമകളും ചേര്‍ന്ന് മുന്‍കൂറായി ഇ.എസ്.ഐ.കോര്‍പ്പറേഷനില്‍ അടയ്ക്കുന്ന വിഹിതം പ്രയോജനപ്പെടാതെ പോവുകയാണ്. തൊടുപുഴയിലെ ഡിസ്‌പെന്‍സറിയില്‍ രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മാത്രമാണ് ചികില്‍സ ലഭിക്കൂ. ഇന്‍ജക്ഷന്‍ എടുക്കുന്നതിനോ മുറിവ് തുന്നിക്കെട്ടുന്നതിനോ ഡ്രസ്സ് ചെയ്യുന്നതിനോ ഉള്ള സൗകര്യം പോലുമില്ല. ഉച്ചക്ക് ഒരു മണിക്ക് ശേഷം ജോലി സമയത്ത് ഉണ്ടാകുന്ന അപകടങ്ങള്‍ക്കും പെട്ടെന്ന് ഉണ്ടാകുന്ന മറ്റു അസുഖങ്ങള്‍ക്കും ടാക്സിയോ ആംബുലന്‍സോ വിളിച്ച് പാതാളം ഇ. എസ്. ഐ. ആശുപത്രിയില്‍ പോകേണ്ടി വരുന്നു. രണ്ടായിരത്തഞ്ഞൂറോളം രൂപയും യാത്രയ്ക്കുള്ള സമയവും വേണ്ടിവരും. ഇതൊഴിവാക്കാന്‍ പലപ്പോഴും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടിലാണ് തൊടുപുഴ ഇ. എസ്. ഐ. ഡിസ്പെന്‍സറിയുടെ കീഴിലുള്ള അംഗങ്ങള്‍.

സി.ടി.സ്‌കാന്‍, ലാബ് ടെസ്റ്റ് തുടങ്ങിയ കാര്യങ്ങള്‍ക്കും റഫറന്‍സ് പാതാളം ഹോസ്പിറ്റലിലേയ്ക്കാണ്.പാതാളം ഹോസ്പിറ്റലില്‍ നിന്നും ലാബ് ടെസ്റ്റ്, സി. ടി. സ്‌കാന്‍ തുടങ്ങിയവയ്ക്കു കളമശ്ശേരി മെഡിക്കല്‍ കോളേജ്, ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, എന്നിവിടങ്ങളിലേയ്ക്ക് റഫര്‍ ചെയ്യുകയാണ് പതിവ്. രോഗി ഈ റഫര്‍ ചെയ്ത ഹോസ്പിറ്റലില്‍ പോയി ഒ.പി. ചീട്ട് എടുത്തു ഡോക്ടറെ കണ്ടു എഴുതി വാങ്ങി ബില്‍ തുക അടച്ചാല്‍ മാത്രമേ ഇവ നടത്താന്‍ സാധിക്കു. അതിനാല്‍ ഒരു ദിവസം കൊണ്ടു തീരേണ്ട ടെസ്റ്റുകള്‍ക്കായി രണ്ടോ, മൂന്നോ ദിവസം ജോലി നഷ്ടപ്പെടുന്ന നിലയാണ്. ഈ ടെസ്റ്റുകളുടെ റിസള്‍ട്ട് വാങ്ങുന്നതിനായി മാത്രം വീണ്ടും പോകേണ്ടി വരും. ഏറെ തിരക്കുള്ള താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളിലേക്ക് റഫറന്‍സ് നൽകാൻ ഉള്ള ഇ. എസ്. ഐ.കോർപറേഷൻ ചെയർമാന്റെ തീരുമാനം പിൻവലിച്ചു മുൻപുണ്ടായിരുന്ന പോലെ എംപാനല്‍, ഇ. എസ്. ഐ. ടൈ അപ്പ്‌ ഉള്ള സ്വകാര്യ ആശുപത്രികളിലേയ്ക്കും റഫറന്‍സ് അനുവദിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെടുന്നു. തൊടുപുഴയിലെ രണ്ടു സ്വകാര്യ ആശുപത്രികളിലേയ്ക്ക് ഇ. എസ്. ഐ.ഡിസ്പെന്‍സറിയില്‍ നിന്നും നേരത്തെ രോഗികളെ റഫര്‍ ചെയ്തിരുന്നു. ഇ.എസ്.ഐ. കോര്‍പറേഷനുമായി ബന്ധമുള്ള സ്വകാര്യ ആശുപത്രികളുടെ സാമ്പത്തിക ഇടപാടുകള്‍ സമയബന്ധിതമായി തീര്‍ത്തുകൊണ്ട് തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജില്ലയില്‍ തന്നെ ചികിത്സാ സൗകര്യം ഒരുക്കണം. കട്ടപ്പനയില്‍ ഇ എസ് ഐ ആശുപത്രി അനുവദിക്കമെന്ന് പ്രഖ്യാപനം വന്നിരുന്നു. അതോടൊപ്പം തൊടുപുഴ ഭാഗത്തും ഇ. എസ്. ഐ. ഹോസ്പിറ്റല്‍ അനുവദിക്കണം. അല്ലാത്തപക്ഷം തൊടുപുഴ ഇ. എസ്. ഐ. ഡിസ്പെന്‍സറിയില്‍ നിന്നും നേരിട്ട് എം പാനല്‍,_ഇ. എസ്. ഐ. ടൈ അപ്പ്‌ ഉള്ള സ്വകാര്യ ആശുപത്രിയിലേക്കും റഫറന്‍സ് ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാകണം. മുമ്പ് വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമാണ് ഇ. എസ്. ഐ. ആനുകൂല്യങ്ങള്‍ ഉണ്ടായിരുന്നത്. എന്നാല്‍, 2017 മുതല്‍ ജില്ലയിലെ അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികളും ഈ ആനുകൂല്യത്തിനു അര്‍ഹരായി. ഇവരെല്ലാം കൃത്യമായി വിഹിതം അടയ്ക്കുന്നുമുണ്ട്.അടിമാലി, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളില്‍ ഡിസ്പെന്‍സറികളുണ്ടെന്നതല്ലാതെ കാര്യമായ ചികിത്സാ സൗകര്യങ്ങളൊന്നും ഇ. എസ്. ഐ .കോര്‍പറേഷന്‍ ജില്ലയില്‍ ഒരുക്കിയിട്ടില്ല.

Related Articles

Back to top button
error: Content is protected !!