ChuttuvattomThodupuzha

അമിത വൈദ്യുതി പ്രവാഹം;ഇടവെട്ടിയില്‍ വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു

തൊടുപുഴ: അപ്രതീക്ഷിതമായുണ്ടായ അമിത വൈദ്യുതി പ്രവാഹത്തെ തുടര്‍ന്ന് നിരവധി വീടുകളിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തി നശിച്ചു. ഇടവെട്ടി പഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വീടുകളിലാണ് വ്യാപകമായി വീട്ടുപകരണങ്ങളടക്കം കത്തിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. പി.എച്ച്.സിക്ക് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള വീടുകളിലുള്ളവരുടെ വൈദ്യുതോപകരണങ്ങളാണ് കത്തി നശിച്ചത്. രാത്രി ഫാനില്‍ നിന്നും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണര്‍ന്നപ്പോഴാണ് ഫാനും ലൈറ്റുകളുമടക്കം തകരാറിലായ വിവരം അറിയുന്നത്. വൈദ്യുതി ഉപകരണങ്ങള്‍ കൂട്ടത്തോടെ നിലക്കുകയും വയറുകള്‍ കരിഞ്ഞ ഗന്ധം വ്യാപിച്ചതോടെ പലരും പരിഭ്രാന്തിലായി. ഓഫീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാന്‍സ്‌ഫോര്‍മറിലെ തകരാര്‍ പരിഹരിച്ചു. ട്രാന്‍സ്‌ഫോര്‍മറിലെ ന്യൂട്രല്‍ കട്ടായിപ്പോയതായാണ് കാരണമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. പല വീടുകളിലും ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പരാതി നല്‍കുമെന്നും നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!