ChuttuvattomThodupuzha

ജീവിത വിജയത്തിന്റെ അടിസ്ഥാനം ഈശ്വരവിശ്വാസം: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. ആനന്ദ ബോസ്

തൊടുപുഴ: സങ്കീര്‍ണമായ മനുഷ്യ ജീവിതത്തില്‍ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് സഹജീവികള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്നവരായി യഥാര്‍ഥ ജീവിതവിജയം നേടുവാന്‍ വ്യക്തികളെ പര്യാപ്തമാക്കുന്ന അടിസ്ഥാന ഘടകം ഈശ്വര വിശ്വാസമാണ് എന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. ആനന്ദ ബോസ്. തൊടുപുഴ ന്യൂമാന്‍ കോളേജിൽ വജ്ര ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിതമായ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയില്‍ ശരിയായ ഇടപെടലുകള്‍ നടത്തുന്നതിനും, സംശുദ്ധമായ വിദ്യാഭ്യാസ സംസ്‌കാരം കെട്ടിപ്പിടിക്കുന്നതിനുള്ള പരിശ്രമങ്ങളിലും വ്യക്തിജീവിതത്തില്‍ ഏറെ പ്രചോദനമായത് ന്യൂമാന്‍ കോളജിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വി.ന്യൂമാന്റെ ദര്‍ശനങ്ങള്‍ ആയിരുന്നു എന്ന് അദ്ദേഹം അനുസ്മരിച്ചു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കോളജിന്റെ അനന്യമായ സംഭാവനകളെ പ്രശംസിച്ച അദ്ദേഹം കോളേജ് മാനേജ്‌മെന്റ് നല്‍കുന്ന ശ്രേഷ്ഠമായ നേതൃത്വം സമൂഹത്തിന് മാതൃകയാണ് എന്ന് അഭിപ്രായപ്പെട്ടു.ന്യൂമാന്‍ കോളജിനായി ഗവര്‍ണേഴ്‌സ് അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് പ്രഖ്യാപിച്ച അദ്ദേഹം സ്വന്തം വ്യക്തി ജീവിതത്തില്‍ മുന്‍മന്ത്രിയും തൊടുപുഴ എം.എല്‍.എയും ചടങ്ങില്‍ മുഖ്യപ്രഭാഷകനുമായ പിജെ ജോസഫ് നല്‍കിയിട്ടുള്ള വലിയ പിന്തുണയെ അനുസ്മരിക്കുവാനും ഗവര്‍ണര്‍ മറന്നില്ല. ചടങ്ങില്‍ കോതമംഗലം രൂപത ബിഷപ്പ് എമിരറ്റസ് റവ. ഡോ. മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ അധ്യക്ഷത വഹിച്ചു. പി. ജെ ജോസഫ് എം.എല്‍.എ,തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കോതമംഗലം രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സി മാനേജര്‍ മോണ്‍. ഡോ.പയസ് മലേക്കണ്ടത്തില്‍, ഹയര്‍ എജുക്കേഷന്‍ സെക്രട്ടറി റവ. ഡോ. പോള്‍ പാറത്താഴത്ത്, പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജു എബ്രഹാം,, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

ചടങ്ങില്‍ മുന്‍ മാനേജര്‍മാര്‍, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍ -ബര്‍സാറുമാര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധികള്‍, മര്‍ച്ചന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ സജി പോള്‍, ജോസ് എവര്‍ഷൈന്‍, മീഡിയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആഘോഷ പരിപാടികള്‍ക്ക് ജൂബിലി കണ്‍വീനര്‍ ബിജു പീറ്റര്‍, ഡോ. ജെയിന്‍ ഏ ലൂക്ക്, ഡോ. ജെന്നി കെ. അലക്‌സ്, ക്യാപ്റ്റന്‍ പ്രജീഷ് സി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!