ChuttuvattomThodupuzha

മുട്ടം തുടങ്ങനാട് മേഖലയില്‍ കാട്ടു പന്നി ശല്യം രൂക്ഷം; മൂവായിരത്തിലധികം ചുവട് കപ്പകാട്ടുപന്നി നശിപ്പിച്ചു

തൊടുപുഴ: മുട്ടം തുടങ്ങനാട് മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രിയില്‍ കൂട്ടമായെത്തിയ കാട്ടുപന്നികള്‍ പ്രദേശത്ത് കൃഷി ചെയ്തിരുന്ന കപ്പ തോട്ടങ്ങളില്‍ വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. വിളവെടുക്കാറായ മൂവായിരത്തിലധികം ചുവട് കപ്പകാട്ടുപന്നി നശിപ്പിച്ചു. ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കപ്പയാണ് കൂട്ടമായെത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചത്. പതിനഞ്ച് വര്‍ഷത്തോളമായി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കിഴക്കേപറമ്പില്‍ ജോജോയുടെ മൂവായിരം ചുവട് കപ്പയാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്. ഇതോടൊപ്പം സ്വന്തം സ്ഥലത്ത് വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന വലിയകുന്നേല്‍ ബിനോയിയുടെ അഞ്ഞൂറ് ചുവട് കപ്പയും രാത്രിയില്‍ കൂട്ടത്തോടെ എത്തിയ കാട്ടുപന്നികള്‍ നശിപ്പിച്ചു. വിളവെടുപ്പിന് പാകമായ കപ്പ നശിപ്പിക്കപ്പെട്ടതോടെ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. പ്രദേശവാസികള്‍ വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ അടുത്ത കാലത്താണ് ഇവിടെ കാട്ടുപന്നി ശല്യം വര്‍ധിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. അടിയന്തിരമായി ബന്ധപ്പെട്ട അധികൃതര്‍ സ്ഥലത്തെത്തി നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും കാട്ടുപന്നി ശല്യം തടയാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നുമാണ് ഇവിടുത്തെ കര്‍ഷകരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!