ChuttuvattomKarimannurThodupuzha

ഇല്ലിചാരിമലയിലെ തീപിടുത്തം: 100 ഏക്കറോളം കൃഷിതോട്ടം കത്തി നശിച്ചു

കരിങ്കുന്നം: രണ്ട് ദിവസത്തോളം കരിങ്കുന്നം വില്ലേജിലെ ഇല്ലിചാരിമലയിൽ നീണ്ടു നിന്ന വൻ തീപിടിത്തത്തിൽ മലയുടെ രണ്ടുവശങ്ങളിലായി ഏകദേശം 100 ഏക്കറോളം റബർ അടക്കമുള്ള കൃഷിതോട്ടം കത്തി നശിച്ചു. ശനി പകൽ തുടങ്ങിയ തീപിടിത്തമാണ് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി ഞായർ വൈകിട്ടുവരെ നീണ്ടത്. മല മുകളിൽ താമസിക്കുന്ന ഉഷാ രാജന്റെ പുരയിടത്തിലാണ് ആദ്യം തീ പടർന്നത്. പിന്നീട് കോലോത്ത് പുത്തൻപുരയിൽ നോബി, വരകിൽ ബേബി എന്നിവരുടെ പുരയിടങ്ങളിലേക്കും പടർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. തൊടുപുഴ അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു. സ്ഥിതി നിയന്ത്രണവിധേയമായിരുന്നെങ്കിലും രാത്രി വാൽപാറയ്ക്ക് സമീപം കുരിശുപാറയ്ക്ക് മുകളിലായി തീ പടർന്നു. ഒരു മലയുടെ മുകൾഭാഗം മുഴുവൻ കത്തിയശേഷം കാട്ടോലി, അമ്പലംപടി ഭാഗങ്ങളിലേക്കും തീ ആളിപ്പിടിച്ചു. അഗ്നിരക്ഷാസേനാ വാഹനം കയറിച്ചെല്ലാൻ ആവാതെ ബുദ്ധിമുട്ടി. നാട്ടുകാരും ഉദ്യോഗസ്ഥരും കഴിയാവുന്ന സന്നാഹങ്ങൾ ഉപയോഗിച്ച് തീകെടുത്താൻ ശ്രമിച്ചു. ഞായർ പുലർച്ചെവരെ നടത്തിയ അക്ഷീണ പ്രയത്‌നത്തിനൊടുവിൽ തീ അണച്ചു. എന്നാൽ ഞായർ രാവിലെ 7.30ന് കാറ്റു വീശിയതോടെ കനലുകളിൽ നിന്ന് വീണ്ടും തീ ഉയർന്നു. തടിക്കഷ്ണങ്ങളിലെ കനൽ കെടാതെ ബാക്കിയായത് തീ ആളിപ്പടർത്തി. മലയുടെ അടിവാരം വരെ അഗ്നിരക്ഷാ വാഹനം എത്തിയെങ്കിലും വെള്ളം പമ്പ് ചെയ്യാൻ പറ്റാത്തത്ര അകലെയായിരുന്നു തീപിടിത്തം. ജിൻസ് എന്ന വ്യക്തിയുടെ കന്നാരത്തോട്ടത്തിൽ ഉപയോഗിക്കുന്ന നീളം കൂടിയ ഹോസുകളും വാഹനവും വെള്ളവും എത്തിച്ചാണ് ഞായർ ഉച്ചയോടെ പൂർണമായും തീയണച്ചത്. വൈകിട്ട് വീണ്ടും തീപിടിച്ചെങ്കിലും നാട്ടുകാർ കെടുത്തി. സമീപത്തെ ആൾത്താമസമുള്ള വീടുകളിലേക്ക് തീയെത്താതിരുന്നത് വലിയ ദുരന്തവും നാശനഷ്ടവും ഒഴിവാക്കി. തഹസിൽദാർ, വില്ലേജ് ഓഫീസർ, കളക്ടർ, നഗരസഭ ചെയർമാൻ, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ നാട്ടുകാരിൽ പരിഭ്രാന്തിയുണ്ടാകാതെ ഇടപെട്ടു. അവിടിവിടങ്ങളിലായി തീ ഉയരുന്നുണ്ടെങ്കിലും അപകട സാദ്ധ്യത ഒഴിഞ്ഞതായി നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!