National

ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ബാംഗ്ലൂര്‍ : ഇന്ത്യയുടെ സ്വപ്നപദ്ധതിയായ സ്വന്തം സ്‌പേസ് സ്റ്റേഷന്‍, ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യമൊഡ്യൂള്‍ 2028 ഓടെ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. നാസയുടെ സ്‌പേസ് സയന്റിസ്റ്റ് സുനിതാ വില്യംസ് ബഹിരാകാശത്ത് കുടുങ്ങിയതടക്കമുള്ളവ പാഠമാക്കിയാകും ഗഗന്‍യാന്‍ പദ്ധതിയുടെ ഡിസൈന്‍. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹത്തിന്റെ തകരാറുകള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ ഇന്ത്യയിലെത്തിക്കുമെന്നും എസ് സോമനാഥ് വ്യക്തമാക്കി.

ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത മിഷനാണ് നാസയുമായി സഹകരിച്ച് വിക്ഷേപിക്കുന്ന നൈസാര്‍ എന്ന ഉപഗ്രഹം. കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് സമഗ്രമായി പഠിക്കുന്ന ഈ മിഷന്റെ വിക്ഷേപണം ഈ മാസം നടക്കേണ്ടതായിരുന്നു. പക്ഷേ അസംബ്ലി കഴിഞ്ഞ് ടെസ്റ്റ് ചെയ്തപ്പോള്‍ ചെറിയൊരു തകരാറ് കണ്ടെത്തി. ഇതോടെ ഒരു ഭാഗം അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോയി. ഇതിലെ തകരാറ് പരിഹരിച്ച് ഈ മാസം തിരികെ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ ലോഞ്ച് ചെയ്യുമെന്ന് എസ് സോമനാഥ് വ്യക്തമാക്കി.

നമ്മുടെ സ്വന്തം സ്‌പേസ് സ്റ്റേഷന്‍ എന്ന സ്വപ്നപദ്ധതിയുടെ നിര്‍മ്മാണവും ലോഞ്ചിന്റേയും ആദ്യഘട്ടം 2028ല്‍ ചെയ്യണമെന്നാണ് പദ്ധതിയിടുന്നത്. 2035ഓടെ പൂര്‍ണമായി പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എസ് സോമനാഥ് പ്രതികരിച്ചു. ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് ഇപ്പോള്‍ സുരക്ഷിതയാണ്. ഗഗന്‍യാന് ഈ സംഭവത്തില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കാനായിട്ടുണ്ട്. തകരാറ് വന്നാല്‍ പരിഹരിക്കാനും സുരക്ഷയ്ക്കും വേണ്ട കാര്യങ്ങള്‍ സൂക്ഷ്മമായി പഠിക്കും. അതിനനുസരിച്ചുള്ള ഡിസൈന്‍ ചേഞ്ചുകള്‍ ഗഗന്‍യാനുമുണ്ടാകുമെന്നും എസ് സോമനാഥ് വിശദമാക്കി. സൂര്യന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ ഒരു ഭ്രമണം 178 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ആദിത്യ L 1ന്റെ ഏഴ് പേലോഡുകളും നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എസ് സോമനാഥ് വിശദമാക്കി.

 

Related Articles

Back to top button
error: Content is protected !!