ChuttuvattomThodupuzha

ജില്ലയ്ക്ക് പുതുതായി അഞ്ച് വെറ്റിനറി ആംബുലന്‍സുകള്‍ അനുവദിച്ചു

തൊടുപുഴ:  ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയതായി അഞ്ച് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സുകള്‍ അനുവദിച്ചു.   തൊടുപുഴ, കട്ടപ്പന നഗരസഭകള്‍, മൊബൈല്‍ വെറ്റിനറി ആംബുലന്‍സുകള്‍ ഇല്ലാത്ത മറ്റ് ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ പുതിയ ആംബുലന്‍സുകളുടെ സേവനം ലഭിക്കും. വണ്ടിപ്പെരിയാര്‍, കട്ടപ്പന, മൂന്നാര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ മൊബൈല്‍ വെറ്ററിനറി ആംബുലന്‍സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഏതാനും മാസം മുമ്പ് ജില്ലയിലേക്ക് മൂന്ന് മൊബൈല്‍ വെറ്റിനറി ആംബുലന്‍സുകള്‍ അനുവദിച്ചിരുന്നു.ജൂനിയര്‍ റെസിഡന്റ് വെറ്റിനറി ഡോക്ടര്‍മാരുടെ നാലു തസ്തികകള്‍ മൃഗസംരക്ഷണ വകുപ്പ് കഴിഞ്ഞ ദിവസം ജില്ലയ്ക്ക് അനുവദിച്ചിരുന്നു. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അടുത്ത നാളില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായിട്ടാണ് ജില്ലയ്ക്കും സേവനങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് ലഭ്യമാകുന്നത്. രാത്രികാലങ്ങളില്‍ വെറ്ററിനറി സേവനങ്ങള്‍ക്കുവേണ്ടി അനുവദിച്ച കേന്ദ്രങ്ങള്‍ ജില്ലയിലെ എട്ടു ബ്ലോക്കുകളിലും കൂടുതല്‍ കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. രാത്രികാലങ്ങളില്‍ വെറ്ററിനറി സേവനങ്ങള്‍ ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം നേരിട്ടെത്തും.

പകല്‍ വെറ്ററിനറി ആശുപത്രികളിലെ പ്രവര്‍ത്തന സമയം കഴിഞ്ഞാല്‍ രാത്രികാലങ്ങളില്‍ എന്തെങ്കിലും ആവശ്യമുണ്ടായാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമല്ലാത്ത അവസ്ഥയായിരുന്നു മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വകുപ്പ് അടുത്ത നാളില്‍ നടപ്പാക്കുന്ന പുതിയ പദ്ധതി പ്രകാരം 24 മണിക്കൂറും സേവനങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കുന്നത്. മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റും ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഈ യൂണിറ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. രണ്ട് വെറ്ററിനറി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് സര്‍ജറി യൂണിറ്റിലുണ്ടാകുന്നത്. രാത്രി കാലങ്ങളില്‍ വീടുകളില്‍ നേരിട്ട് എത്തി മൃഗങ്ങള്‍ക്ക് ആവശ്യമായ സര്‍ജറി ചികിത്സ നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

 

Related Articles

Back to top button
error: Content is protected !!