Thodupuzha

ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി 

 

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാത്ത എട്ട് സ്ഥാപനങ്ങളും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ഒരു സ്ഥാപനവുമാണ് പൂട്ടിച്ചത്. തൊടുപുഴയില്‍ അഞ്ചു ഭക്ഷണശാലകളാണ് അടച്ചു പൂട്ടിയത്. നാലു സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന മുബാറക്ക് ഹോട്ടല്‍, കാര്‍ത്തിക ഹോട്ടല്‍, സാല്‍മത്ത് ഷേക്ക്സ് ആന്‍ഡ് ഡ്യൂസ് ഷോപ്പ്, ലസി ലോഞ്ച്, അല്‍ഷേബാ ഹോട്ടല്‍ എന്നി സ്ഥാപനങ്ങളാണ് പൂട്ടിയത്. ചെറുതോണിയില്‍ ഒരു ഹോട്ടലും ദേവികുളം താലൂക്കില്‍ മൂന്നെണ്ണവും അടപ്പിച്ചിരുന്നു. മൂന്നാറിലെ അല്‍ബുഹാരി, റോച്ചാസ്, അടിമാലിയിലെ കണ്ണൂര്‍ കിച്ചണ്‍സ് എന്നിവയ്‌ക്കെതിരെയായിരുന്നു നടപടി. ഇതില്‍ റോച്ചാസ് വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവര്‍ത്തിച്ചത്. ചില ഹോട്ടലുകള്‍ ലൈസന്‍സ് നേടി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

ഇതുകൂടാതെ ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചെറുതോണി മേഖലയില്‍ നിന്ന് എട്ട് കിലോ പഴകിയ മത്സ്യവും പിടികൂടി. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണര്‍ എം.ടി.ബേബിച്ചന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരായ എം.എന്‍.ഷംസിയ, ബൈജു പി.ജോസഫ്, ആന്‍മേരി ജോണ്‍സണ്‍, എസ്.പ്രശാന്ത് തുടങ്ങിയവരാണ് പരിശോധന നടത്തുന്നത്.

നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ രണ്ട് സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വെങ്ങല്ലൂര്‍-ഊന്നുകല്ല് റോഡിലെ ന്യൂ റഹ്‌മാനിയ ഹോട്ടലിലെ ഫ്രീസറില്‍ നിന്ന് തലേദിവസം പാകം ചെയ്ത അല്‍ഫാമും ചിക്കന്‍ വറുത്തതുമാണ് കണ്ടെത്തിയത്. സോണിക് ബേക്കറി ആന്‍ഡ് റെസ്റ്റോറന്റില്‍ നിന്ന് പഴകിയ മീന്‍കറിയും ഇറച്ചിയും കണ്ടെത്തി. ഇവയെല്ലാം ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

രണ്ട് സ്ഥാപനങ്ങള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശ്രീകുമാര്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.സന്തോഷ്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രജീഷ് കുമാര്‍, രജിത എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!