ChuttuvattomCrimeThodupuzha

ഓൺലൈൻ തട്ടിപ്പിലൂടെ 10 ലക്ഷം രൂപ കൈക്കലാക്കിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

തൊടുപുഴ: ഓൺലൈൻ തട്ടിപ്പ് നടത്തി 10 ലക്ഷം രൂപ കൈക്കലാക്കിയ ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. ഭോജ്പൂർ ജില്ലയിെല ആര സ്വദേശി രേവത് നന്ദനെയാണ് (39) ബീഹാറിൽ എത്തി തൊടുപുഴ പൊലീസ് സംഘം പിടികൂടിയത്. പെരിമ്പിള്ളിച്ചിറ സ്വദേശിയായ കച്ചവടക്കാരനാണ് തട്ടിപ്പിന് ഇരയായത്. സെപ്തംബർ 25ന് പരാതിക്കാരന്റെ ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ യോനോ ആപ്പ് വഴി ലോൺ നൽകുമെന്ന് പറഞ്ഞ് ഒരു എസ്.എം.എസ് എത്തി. ഇതിലെ ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ ഒരാൾ തിരികെ വിളിച്ച് വായ്പ അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചു.

തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ആധാർ, പാൻകാർഡ് എന്നിവ വാങ്ങി. ഇതുപയോഗിച്ച് ഇവർ യോനോ ആപ്പിൽ പ്രവേശിക്കാൻ ശ്രമിച്ചു. ഫോർഗോട്ട് പാസ്‌വേർഡ് ഓപ്ഷൻ കൊടുത്തപ്പോൾ ഒരു ഒ.ടി.പി പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ഫോണിലേക്ക് വന്നു. ഇത് ലോണിന്റെ കോഡാണെന്ന് പറഞ്ഞപ്പോൾ പരാതിക്കാരൻ ഒ.ടി.പി പറഞ്ഞു നൽകി. തുടർന്ന് ആപ്പിന്റെ എം പിൻ തട്ടിപ്പുകാർ മാറ്റി. അങ്ങനെ മൂന്ന് തവണ ഇവർ ഒ.ടി.പി ചോദിച്ചു വാങ്ങി. പെരുമ്പിള്ളിച്ചിറ സ്വദേശിയുടെ ഇന്റർനെറ്റ് ബാങ്കിങ് പ്രൊഫൈൽ, പാസ് വേർഡ്, പരാതിക്കാരന്റെ അക്കൗണ്ട് എന്നിവ സംഘത്തിന്റെ കൈയിലായി. തുടർന്ന് ഇവർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ടുകളും ഇതിൽ ആഡ് ചെയ്തു.

വായ്പ കുറച്ചു ദിവസത്തിനുള്ളിൽ കിട്ടുമെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. ഇതിനിടെ പരാതിക്കാരൻ ഒരു സഹകരണ സംഘത്തിൽ നിന്ന് 15 ലക്ഷം രൂപ വായ്പയെടുത്തു. ഇത് എസ്.ബി.ഐ അക്കൗണ്ടിലേക്ക് മാറ്റി. ഈ അവസരം മുതലെടുത്ത് തട്ടിപ്പുകാർ രണ്ട് ബെനിഫിഷ്യറി അക്കൗണ്ട് വഴി 10 ലക്ഷം രൂപ ഒക്ടോബർ രണ്ടിനും മൂന്നിനുമായി പിൻവലിക്കുകയായിരുന്നു. മൂന്ന് ദിവസം കൊണ്ട് എം.ടി.എം കാർഡ് വഴി ഇവർ പണം എടുക്കുകയും ചെയ്തു. തട്ടിപ്പ് മനസ്സിലാക്കിയ പരാതിക്കാരൻ ബാങ്കുമായി ബന്ധപ്പെട്ട് യോനോ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പണം പിൻവലിച്ച ബെനിഫിഷ്യറി അക്കൗണ്ട് പരിശോധിച്ചാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. തൊടുപുഴ എസ്.ഐ പി.കെ. സലീം, എ.എസ്.ഐ ദിലീപ് കുമാർ, എസ്.സി.പി.ഒ അനീഷ് ആന്റണി എന്നിവരാണ് ബീഹാറിൽ എത്തി പ്രതിയെ പിടികൂടിയത്. തട്ടിപ്പ് സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന് പോലീസ് പറയുന്നു.

Related Articles

Back to top button
error: Content is protected !!