Thodupuzha

വനം ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച് കള്ളക്കേസില്‍ പ്രതിയാക്കി: ജീവനക്കാര്‍ക്കെതിരെ നടപടി പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

തൊടുപുഴ: സംസാരവൈകല്യമുള്ള ബിരുദധാരിയായ ചെറുപ്പക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വനം കേസില്‍ പ്രതിയാക്കിയെന്ന പരാതിയില്‍ സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച വകുപ്പുതല നടപടി പൂര്‍ത്തിയാക്കിയ ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍. വനം ആസ്ഥാനത്തെ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് (ഭരണ വിഭാഗം) കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ യുവാവ് ഉപ്പുതറ പോലീസ് സ്റ്റേഷനില്‍ നല്‍കിയ 703/2022 നമ്പര്‍ പരാതിയിലുള്ള നിലവിലുള്ള അവസ്ഥ പീരുമേട് ഡിവൈ.എസ്.പി. കമ്മീഷനില്‍ സമര്‍പ്പിക്കണം. രണ്ട് റിപ്പോര്‍ട്ടുകളും ഫെബ്രുവരി 21 നകം സമര്‍പ്പിക്കണം. ഫെബ്രുവരി 27ന് കേസ് പരിഗണിക്കും. ഇടുക്കി കണ്ണം പടി മത്തായിപ്പാറ പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സരുണ്‍ സജി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കിഴുകാനം ഫോറസ്റ്റ് സ്റ്റേഷനിലെ ഒ.ആര്‍.01/22 എന്ന കേസില്‍ തന്നെ കുടുക്കിയെന്നും ഉപജീവന മാര്‍ഗമായ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തെന്നും പരാതിയില്‍ പറയുന്നു. ഒ.ആര്‍.01/22 കേസുമായി ബന്ധപ്പെട്ട മഹസര്‍ തയ്യാറാക്കുന്നതില്‍ ജീവനക്കാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനം മേധാവി കമ്മിഷനെ അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തത് നടപടിക്രമം അനുസരിച്ചല്ല. കിഴുകാനം ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലെനിന്‍, ഷിജിരാജ്, ഡ്രൈവര്‍ ജിമ്മി ജോസഫ്, വനം വാച്ചര്‍മാരായ കെ.എല്‍. മോഹനന്‍, കെ.റ്റി. ജയകുമാര്‍, ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.രാഹുല്‍ എന്നിവരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഉദാസീനമായ സമീപനം കൈകൊണ്ട ഇടുക്കി ഫോറസ്റ്റ്‌റേഞ്ചര്‍ ഓഫീസര്‍ മുജീബ് റഹ്‌മാനില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ഗോത്ര കമ്മിഷന്‍ നിര്‍ദ്ദേശാനുസരണം തന്റെ പരാതിയില്‍ ഉപ്പുതറ പോലീസ് ക്രൈം 703/22 നമ്പറായി കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു. തന്നെ വ്യാജരേഖ ചമച്ച് കള്ളക്കേസുണ്ടാക്കി 11 ദിവസം അന്യായമായി ജയിലില്‍ അടച്ചെന്നും പരാതിയില്‍ പറയുന്നു. 35 ലക്ഷം രൂപ തനിക്ക് നഷ്ടപരിഹാരം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. വനം വകുപ്പ് ഇക്കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!