Moolammattam

മൂലമറ്റം ടൗണിൽ കണ്ടത് പൂച്ചപ്പുലി യെന്ന് വനം വകുപ്പ്

മൂലമറ്റം: ടൗണില്‍ കണ്ടെന്നു പറയുന്നത് കടുവയല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. മൂലമറ്റത്തോട് ചേര്‍ന്ന ഇടുക്കി വനത്തില്‍ കടുവയില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുന്നു. പെരിയാര്‍ വനത്തിലെ ഉള്‍ക്കാടുകളില്‍ മാത്രമാണ് കടുവയുള്ളത്. കൂടാതെ കടുവക്ക് 100 മുതല്‍ 300 കിലോ ഭാരം ഉണ്ടാവാറുണ്ട്. എന്നാല്‍, ഇവിടെ കണ്ടതായി ദൃക്‌സാസാക്ഷികള്‍ പറയുന്ന കടുവയുടെ വലിപ്പം വച്ച് നോക്കുമ്പോള്‍ 30-40 കിലോ മാത്രമാണ് ഭാരം. ഈ ലക്ഷണങ്ങള്‍ വെച്ച് നോക്കുമ്പോള്‍ പൂച്ചപ്പുലിയാകാനാണ് സാധ്യതയെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രണ്ട് ദിവസമായി മൂലമറ്റത്തുള്ളവര്‍ ഭീതിയിലാണ്. കടുവയെ നേരില്‍ കണ്ടതായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ പുലര്‍ച്ച റബര്‍ ടാപ്പിങിന് പോലും ആളുകള്‍ പോകാതായി. ഇതിനിടെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിന് സമീപം കടുവയെ കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. പ്രദേശത്തെ നിരീക്ഷണ കാമറയില്‍ ഈ സമയത്ത് പട്ടി കടന്നുപോകുന്നതാണ് കണ്ടത്. ആളുകള്‍ ഭീതിയിലാകേണ്ടതില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പലയിടങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാല്‍പാട് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം അഞ്ചിയാനിക്കല്‍ തൊമ്മച്ചന്റെ വീട്ടില്‍ കടുവയെ കണ്ടതായി പറയുന്നുണ്ട്. ഇവിടെ ചെറിയ കാല്‍ അടയാളമാണ് കണ്ടത്. ഇത് കടുവയുടേതല്ല. വെള്ളിയാഴ്ച പതിപ്പള്ളിയില്‍ മരത്തിന് മുകളില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്. കടുവ മരത്തിന് മുകളില്‍ കയറില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!