ChuttuvattomCrimeThodupuzha

തൊടുപുഴയില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ പേരില്‍ തട്ടിപ്പ്; പ്രതി പിടിയില്‍

തൊടുപുഴ: എന്‍ഫോഴ്സ്‍മെന്റ് ഉദ്യോഗസ്ഥനാണെന്ന് ധരിപ്പിച്ച് പാറമട ഉടമയില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോലഞ്ചേരി ഐക്കരനാട് പാത്തിക്കല്‍ പി എം പോള്‍ (61) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച പുലര്‍ച്ചെ
തൊടുപുഴ ഇഞ്ചിയാനിയിലുള്ള ക്വാറിയിലെത്തിയ പ്രതി താന്‍ ജിഎസ്ടി എന്‍ഫോഴ്സ്‍മെന്റ് ഉദ്യോഗസ്ഥനാണെന്നും ക്വാറിക്കെതിരെ ലഭിച്ച പരാതികള്‍ അന്വേഷിക്കാനെത്തിയതാണെന്നും പറഞ്ഞു. ജിഎസ്ടി തട്ടിപ്പ് അടക്കമുള്ള പരാതികളില്‍ അനുകൂല മൊഴി നല്‍കാന്‍ 50,000രൂപ ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ അത്രയും പണമില്ലെന്ന് അറിയിച്ച ക്വാറി ഉടമയോട് അഡ്വാന്‍സായി 1000 രൂപ വാങ്ങി. ബാക്കി തുക തൊടുപുഴയില്‍ താന്‍ താമസിക്കുന്ന ലോഡ്‍ജില്‍ എത്തിക്കണമെന്നും അറിയിച്ചു. സംശയം തോന്നിയ ക്വാറി ഉടമ ജിഎസ്‍ടിയിലെ മറ്റൊരു ഉദ്യോഗസ്ഥനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ തട്ടിപ്പിന് സാധ്യതയുണ്ടെന്ന് മറുപടി ലഭിച്ചു. തുടര്‍ന്ന് ക്വാറി ഉടമ തൊടുപുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  പരാതിക്കാരന്റെ മൊഴിയില്‍നിന്നും ഇയാളുടെ വേഷത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ക്വാറിയുടെ സമീപത്തെ കടകളിലും പൊലീസ് സംഘമെത്തി. തുടര്‍ന്ന് വൈകിട്ട് 4.30ഓടെ നഗരത്തിന് സമീപത്തുനിന്നും പോളിനെ പിടികൂടുകയായിരുന്നു. പരാതിക്കാരന്‍ പോളിനെ തിരിച്ചറിയുകയും ചെയ്തു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!