Thodupuzha

മാലിന്യമുക്ത അന്തരീക്ഷം സൃഷ്ടിക്കാന്‍ ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍

തൊടുപുഴ: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യവുമായി ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍. ഹരിതകേരളം മിഷന്‍ ശുചിത്വമിഷനുമായി ചേര്‍ന്നാണ പദ്ധതി നടപ്പാക്കുന്നത ്. മാലിന്യം ഉറവിടത്തില്‍ത്തന്നെ കണ്ടെത്താനും അവ ശാസ്ത്രീയമായി സംസ്‌കരിക്കാനും സഹായകമാകുന്ന വിധത്തിലാണ് ഹരിത മിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തന സജ്ജമാക്കുന്നത്. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ഈ ആപിക്കേഷന്‍ വികസിപ്പിച്ചിട്ടുള്ളത്. ജൂണ്‍ മാസത്തില്‍ ആപ്പ് പ്രവര്‍ത്തന സജ്ജമാക്കാനാണ് തീരുമാനം. രൂപപ്പെടുന്ന മാലിന്യത്തിന്റെ അളവ്, തരം, അവ കൈകാര്യം ചെയ്യപ്പെടുന്ന രീതി എന്നിവ കൃത്യമായി അറിഞ്ഞാലേ മാലിന്യ സംസ്‌കരണം പൂര്‍ണമായി നടപ്പാക്കാന്‍ കഴിയൂ. ഇത്തരം സംവിധാനങ്ങളുടെ അഭാവം നിലനില്‍ക്കുന്ന സാഹഹചര്യത്തിലാണ് ഹരിത കേരളം മിഷനും ശുചിത്വ മിഷനും മൊബൈല്‍ ആപ്ലിക്കേഷനുമായി എത്തുന്നത്. ആപ്ലിക്കേഷന്‍ ഓണ്‍ലൈനിലും ഓഫ് ലൈനിലും പ്രവര്‍ത്തിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിരീക്ഷിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് സജ്ജീകരിച്ചിരിക്കുന്നത്.

ജില്ലയില്‍ 26 ഗ്രാമ പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമാണ് ആപ്പ് ആദ്യ ഘട്ടത്തില്‍ പ്രവര്‍ത്തനം തുടങ്ങുക. 1532 ഹരിത കര്‍മസേനാംഗങ്ങളാണ് ജില്ലയില്‍ ഉള്ളത്. ഇവര്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ എന്തൊക്കെയെന്നും ഇവരുടെ പ്രവര്‍ത്തനവുമൊക്കെ ആപ്പിലൂടെ അറിയാന്‍ കഴിയും. ഏതെങ്കിലും വീടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കാന്‍ വിട്ട് പോയാല്‍ ആ വിവരവും ആപ്പിലൂടെ അറിയാന്‍ കഴിയും. ഇതിനായി ഓരോ വീടുകളിലും ക്യൂ ആര്‍ കോഡ് നല്‍കും. ഡിജിറ്റല്‍ പെയ്മെന്റും ഇതിലൂടെ നടത്താം. മാലിന്യങ്ങള്‍ എന്ന രീതിയില്‍ രൂപപ്പെടുന്ന വസ്തുക്കളുടെ അളവ് പരമാവധി കുറയ്ക്കുക, രൂപപ്പെടുന്ന മാലിന്യത്തെ ശാസ്ത്രീയമായി തരംതിരിച്ച് സുരക്ഷിതമായി സംസ്‌കരിക്കുക, പ്രകൃതി സൗഹൃദമായ വസ്തുക്കള്‍ ഉപയോഗിക്കുക എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കിയാലേ മാലിന്യരഹിത പരിസരം ലക്ഷ്യത്തിലെത്തൂ. നിലവില്‍ ഇത്തരമൊരു സംവിധാനത്തിന്റെ അഭാവത്തിലാണ് നിരീക്ഷണം ഊര്‍ജിതമാക്കുന്നത്. ഉപഭോക്താക്കളുടെ വിവര ശേഖരണം, നിലവില്‍ ലഭ്യമായ മാലിന്യ സംസ്‌കരണ നടപടികള്‍, സര്‍വീസ് നടത്തുമ്‌ബോള്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവ ഹരിതമിത്രത്തില്‍ സാധ്യമാണ്. ഉപഭോക്താവും ഈ സംവിധാനത്തിന്റെ അഭിവാജ്യ ഘടകമാണ്. ഉപഭോക്തൃ മൊബൈല്‍ ആപ്പ് വഴി ഉപയോക്താവിന് പ്രത്യേക സേവനങ്ങള്‍ക്കും അപേക്ഷിക്കാം. പരാതികളും ഉന്നയിക്കാം. മാലിന്യം തള്ളുന്നതടക്കമുള്ള കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാം. മാലിന്യം ഉല്‍പാദിപ്പിക്കുന്ന സ്ഥലത്തിന്റെ ജിയോ ലൊക്കേഷനും ഫോട്ടോയും രേഖപ്പെടുത്താനും ഹരിതമിത്രം സഹായിക്കും. ഹരിത കര്‍മസേനാംഗങ്ങള്‍, സൂപ്പര്‍ വൈസര്‍മാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ക്ലീന്‍ കേരള കമ്പിനി, ശുചിത്വ മിഷന്‍, ഹരിത കേരളം മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ഈ ആപ്ലിക്കേഷനിലൂടെ വിവരം ലഭിക്കും.

 

Related Articles

Back to top button
error: Content is protected !!