Idukki

മഴ കനത്തു : ദുരിതപ്പെയ്ത്തില്‍ വ്യാപക നാശം  

തൊടുപുഴ: ജില്ലയില്‍ രണ്ടുദിവസമായി തുടരുന്ന ദുരിതപ്പെയ്ത്തില്‍ നാശനഷ്ടം വര്‍ധിക്കുന്നു. ഹൈറേഞ്ച് മേഖലയില്‍ പലയിടത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ഇതിനു പുറമേ മഴയോടൊപ്പം വീശുന്ന കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.  റോഡിലേക്ക് വീണ മരങ്ങള്‍ അഗ്‌നിരക്ഷാസേനയെത്തി മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലയില്‍ രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പീരുമേട്ടില്‍ 89 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ശക്തമായിട്ടുണ്ട്. ചെറുഡാമുകളില്‍ ജലനിരപ്പുയരുകയാണ്. മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ള കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചിട്ടുണ്ട്. മൂന്നാര്‍ കോളനിയില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഏലപ്പാറ ബോണാമിയില്‍ വീടിനു മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു.വീട്ടിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മഴ തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം
നെടുങ്കണ്ടം : അതിശക്തമായ കാറ്റും മഴയും. നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം. വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് നിരവധി വീടുകള്‍ അപകടാവസ്ഥയിലായി. പ്രധാന റോഡുകളിലെല്ലാം മരം വീണും വൈദ്യുതി പോസ്റ്റുകള്‍ വീണും ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കാറ്റില്‍ വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്.  കരുണാപുരം വില്ലേജിലെ കൊച്ചറയില്‍ പുതുപ്പറന്പില്‍ സുന്ദരമൂര്‍ത്തിയുടെ വീടിന്റെ സംരക്ഷണ ഭിത്തി ഇന്നലെ രാവിലെയോടെ തകര്‍ന്നു. സംരക്ഷണ ഭിത്തി തകര്‍ന്നതിനെത്തുടര്‍ന്ന് തൊട്ടുതാഴെ താമസിക്കുന്ന രണ്ട് വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. സുന്ദരമൂര്‍ത്തിയുടെ വീടും അപകടാവസ്ഥയിലാണ്. ഭിത്തിക്കും കല്‍ക്കെട്ടുകള്‍ക്കും വിള്ളലുകള്‍ വീണിട്ടുണ്ട്.  വീടിന്റെ തറക്കല്ലുകള്‍ വരെ ഇളകിയ നിലയിലാണ്. ഇതിനേത്തുടര്‍ന്ന് സുന്ദരമൂര്‍ത്തിയെ ഇവിടെനിന്നും മാറ്റിപ്പാര്‍പ്പിക്കുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. സുന്ദരമൂര്‍ത്തിയുടെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടര്‍ന്ന് മണ്ണും കല്ലും വന്ന് പതിച്ചാണ് അയല്‍വാസികളായ വനരാജ്, രതീഷ് എന്നിവരുടെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ശക്തമായ മഴയോടൊപ്പമുള്ള കാറ്റില്‍ നിരവധി മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. ബാലഗ്രാം പുളിയന്‍മല റോഡില്‍ ഗണപതിപ്പാലത്തിന് സമീപം വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് ഏറെനേരം ഗതാഗതം സ്തംഭിച്ചു. മയിലാടുംപാറ, തിങ്കള്‍ക്കാട്, പാറത്തോട് നിരവധി സ്ഥലങ്ങളില്‍ റോഡിലേക്ക് മരം കടപുഴകിവീണു.  മരം ഒടിഞ്ഞുവീണ് ഏലം ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ക്കും വന്‍തോതില്‍ നഷ്ടം നേരിട്ടിട്ടുണ്ട്. മഴയും കാറ്റും നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു അധികൃതര്‍ അറിയിച്ചു.
ഉടുമ്പന്‍ചോലയില്‍ തകര്‍ന്നത് 64 വൈദ്യുതി പോസ്റ്റുകള്‍
നെടുങ്കണ്ടം: കാലവര്‍ഷത്തില്‍ ഇത്തവണ ജില്ലയില്‍ ഏറ്റവും അധികം നാശനഷ്ടം നേരിട്ടത് കെഎസ്ഇബി ഉടുമ്പന്‍ചോല സെക്ഷന്‍ പരിധിയില്‍. ഇവിടെ 52 സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തകരാറിലായി. ആറ് ദിവസത്തിനുള്ളില്‍ 47 ഹൈ ടെന്‍ഷന്‍ വൈദ്യുതി പോസ്റ്റുകളും 10 ലോ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്നു.  മരം ഒടിഞ്ഞുവീണാണ് മിക്ക പ്രദേശങ്ങളിലും പോസ്റ്റുകളും ലൈനുകളും തകര്‍ന്നത്. ലൈനുകള്‍ തകര്‍ന്നാല്‍ അപ്പോള്‍ത്തന്നെ വൈദ്യുതി ബന്ധം വിച്ചേദിക്കുകയും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്യുന്നതുകൊണ്ട് റോഡുകളില്‍ അടക്കം വീണ വൈദ്യുതി ലൈനുകളില്‍നിന്നു വഴിയാത്രക്കാര്‍ക്ക് അപകടം ഒഴിവാകുന്നുണ്ട്.  പ്രളയസമയത്തും സംസ്ഥാനത്തെ ആകെയുള്ള കണക്ക് എടുക്കുന്‌പോഴും കെഎസ്ഇബിക്ക് ഉടുന്പന്‍ചോലയില്‍ ആയിരുന്നു ഏറ്റവും അധികം നാശനഷ്ടം ഉണ്ടായത്. അന്ന് രണ്ടായിരത്തിലധികം പോസ്റ്റുകളാണ് ഇവിടെ തകര്‍ന്നത്. എന്നാല്‍, ആറുമാസത്തിനുള്ളില്‍ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കുവാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞിരുന്നു. അതിന് സമാനമായ സാഹചര്യമാണ് ഈ വര്‍ഷവും നിലനില്‍ക്കുന്നത്.  വരും ദിവസങ്ങളിലും മഴ കനക്കുന്നതോടെ പ്രതിസന്ധികള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍, ജീവനക്കാരും നാട്ടുകാരും കൈകോര്‍ക്കുന്‌പോള്‍ മേഖലയിലെ പ്രകൃതി ദുരന്തം മൂലമുള്ള വൈദ്യുതി പ്രതിസന്ധിക്ക് വളരെവേഗം പരിഹാരം ഉണ്ടാകുന്നുണ്ടെന്നുള്ളത് ആശ്വാസകരമാണ്.
വീടിന് മുകളിലേക്ക് വന്‍ മരം കടപുഴകി വീണു
കട്ടപ്പന: കട്ടപ്പന സ്‌കൂള്‍ കവലയ്ക്ക് സമീപം വീടിന് മുകളിലേക്ക് വന്‍ മരം കടപുഴകി വീണ് നാശനഷ്ടം.മൂന്നുദിവസമായി തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയെ തുടര്‍ന്നാണ് കട്ടപ്പന സ്‌കൂള്‍ കവലക്ക് സമീപം വീടിന്റെ മുകളിലേക്ക് വന്‍മരം കടപുഴകി വീണത്. പുത്തന്‍പുരക്കല്‍ റംനത്ത് ബീവിയുടെ വീടിന്റെ മുകളിലേക്കാണ് അയല്‍വാസിയുടെ പുരയിടത്തു നിന്നിരുന്ന മരം വീണത്. വീടിന്റെ പാചക മുറിക്കും ശൗചാലയത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. മരം ഒടിഞ്ഞുവീണപ്പോള്‍ വീടിനകത്തുണ്ടായിരുന്ന റംനത്ത് ബീവി ഓടി മാറുന്നതിനിടെ കൈകള്‍ക്കും പരിക്കേറ്റു.കട്ടപ്പന അഗ്‌നിശമനസേന എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സംഭവസ്ഥലത്ത് നഗരസഭ അധികൃരതടക്കം സന്ദര്‍ശനം നടത്തി. മഴ ശക്തമാകുന്നതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
25 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
മൂന്നാര്‍: കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ തോട്ടം മേഖല കനത്ത ജാഗ്രതയിലായി. മൂന്നാര്‍ കോളനിയില്‍ ചൊവ്വാഴ്ച വീടിനുകളില്‍ മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ച സാഹചര്യത്തില്‍ അപകടകരമായ അവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങളെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്. മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് ചെന്നൈയില്‍നിന്നും എത്തിയ ദുരന്ത നിവാരണ സേന പരിശോധനകള്‍ നടത്തി.  ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഏഴു വരെയുള്ള സമയത്തിനിടയ്ക്ക് 77 മില്ലീ മീറ്റര്‍ മഴ പെയ്തപ്പോള്‍ ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ 65 മില്ലീ മീറ്റര്‍ മഴയാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. മഴ ശക്തമായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ 25 കുടുംബങ്ങളെ ദുരിതാശ്വാസ
ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാര്‍ മൗണ്ട് കാര്‍മല്‍ ബസിലിക്കയുടെ കാര്‍മല്‍ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്‌ ആരംഭിച്ചിട്ടുള്ളത്.  അന്തോണിയാര്‍ കോളനി, എംജി കോളനി എന്നിവിടങ്ങളില്‍നിന്നുള്ള 62 പേരാണ് ക്യാന്പില്‍ കഴിയുന്നത്. അഡ്വ. എ. രാജ എംഎല്‍എ ക്യാന്പ് സന്ദര്‍ശിച്ചു. മൂന്നാര്‍ ദേവികുളം കോളനിയില്‍ ഉള്ള വീടിനു മുകളിലേക്ക് മണ്ണിടിച്ചില്‍ ഉണ്ടായെങ്കിലും വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സ്വദേശി വില്‍സന്റെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. വീട്ടുകാര്‍ മറ്റു മുറികളില്‍ ആയിരുന്നതിനാല്‍ ദുരന്തം ഒഴിവായി. മൂന്നാര്‍ പോലീസ് സ്റ്റേഷനു സമീപം ഉണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ അപകടാവസ്ഥയില്‍ ആയി. ഇവിടെയുളളവരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരന്ത ക്കെടുതികള്‍ നേരിടുവാനും അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും കഴിഞ്ഞ ദിവസം പഴയ മൂന്നാറില്‍ ദേവികുളം സബ് കളക്ടര്‍ ജയകൃഷ്ണന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.  ജനപ്രതിനിധികളും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ദേവികുളം നാഷണല്‍ അഡ്വഞ്ചര്‍ അക്കാഡമിയിലാണ് ദുരന്തനിവാരണ സേന ക്യാന്പു ചെയ്യുന്നത്. റവന്യൂ, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നത്.
ഗ്രാമ്പിയിലും വാളാടിയിലും ലയങ്ങള്‍ ഇടിഞ്ഞുവീണു
വണ്ടിപെരിയാര്‍ : ശക്തമായി തുടരുന്ന മഴയില്‍ വണ്ടിപ്പെരിയാര്‍ വാളാര്‍ഡ് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വക എസ്റ്റേറ്റ് ലയം ഇടിഞ്ഞു വീണു. എസ്റ്റേറ്റ് ജോലിക്കാരായിരുന്ന ശശി – ഓമന ദമ്പതികള്‍ താമസിച്ചിരുന്ന ലയത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. ഈ സമയം ലയത്തില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് ലയത്തിലെ താമസക്കാരായ ആറോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് നിര്‍ദേശം നല്‍കി. ശശിക്ക് സുഖമില്ലാതിരുന്നതിനാല്‍ ആശുപത്രിയില്‍ പോയ സമയത്തായിരുന്നു ലയത്തിന്റെ ഒരുഭാഗം ഇടിഞ്ഞുവീണത്. പോപ്‌സ് എസ്റ്റേറ്റ് വക ഗ്രാന്‍ബി എസ്റ്റേറ്റിലെ രണ്ടു ലയങ്ങളും ഇടിഞ്ഞുവീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം ജ്ഞനദാസ്, ജയ എന്നിവരുടെയും ഷണ്മുഖത്തിന്റെയും ലയങ്ങളാണ് ഇടിഞ്ഞ വീണത്. വീടുകളിലുണ്ടായിരുന്നവര്‍ അപകടസമയത്ത് ബന്ധു വീടുകളിലായിരുന്നു.

Related Articles

Back to top button
error: Content is protected !!