Idukki

തങ്കമണി സിനിമയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി

ഇടുക്കി : തങ്കമണി സിനിമയുടെ പേരുമാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സെന്‍സര്‍ ബോര്‍ഡിനോട് വിശദീകരണം തേടി. തങ്കമണി സ്വദേശിയും മാധ്യമപ്രവര്‍ത്തകനുമായ ബിജു വൈശ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി .

1986 ഒക്ടോബര്‍ 22 നുണ്ടായ ഒരു സംഭവത്തെ വളച്ചൊടിച്ച് നാട്ടില്‍ നടന്ന സംഭവം എന്ന് കാണിച്ച് സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യാഖ്യാനിച്ചു കൊണ്ടുള്ള ചിത്രത്തിന്റെ പരസ്യം പുറത്തുവന്നതിന് പിന്നാലെയാണ് ബിജു ഹര്‍ജി നല്‍കിയത്. തുടര്‍ന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആര്‍.ബി ചൗധരി, സംവിധായകന്‍ രതീഷ് രഘുനന്ദന്‍,സംസ്ഥാന പോലീസ് മേധാവി,ഇടുക്കി ജില്ലാ പോലീസ് മേധാവി,
നടന്‍ ദിലീപ് എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

തുടര്‍ന്ന് ഡിജിപിയോട് കേസിന്റെ റിപ്പോര്‍ട്ടും തേടിയ കോടതി ഇന്ന് സെന്‍സര്‍ ബോര്‍ഡിനോട് ചിത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് വിശദീകരണം തേടുകയായിരുന്നു.നാട്ടിലെ സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ ചിത്രത്തില്‍ പരാമര്‍ശം നടത്തിയിട്ട് ആ നാടിന്റെ പേര് തന്നെ ചിത്രത്തിനിട്ടതും ചിത്രത്തിന്റെ ടൈറ്റില്‍ ഗാനത്തില്‍ തങ്കമണിയിലെ സ്ത്രീകളുടെ മാനത്തിന് വില പറയുന്ന തരത്തിലുള്ള പരാമര്‍ശത്തിന് എതിരെയും,സംഭവകഥ എന്ന പരസ്യത്തിനെതിരെയും ആണ് ഹര്‍ജി.കൂടാതെ കോടതി നിര്‍ദ്ദേശിക്കുന്ന കമ്മീഷന്‍ ചിത്രം കണ്ട് ബോധ്യപ്പെട്ട് നാടിനും നാട്ടുകാര്‍ക്കും അപമാനമാകുന്ന തരത്തില്‍ ചിത്രത്തില്‍ പരാമര്‍ശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമെ ചിത്രം റിലീസ് ചെയ്യാവു എന്നും ഹര്‍ജിക്കാരന്‍ അഡ്വ. ജോമി കെ ജോസ് മുഖേന നല്‍കിയ ഹര്‍ജിയില്‍ ആവശ്യം ഉന്നയിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!