Thodupuzha

കൊവിഡ് മരണ ബാധിതരുടെ ബന്ധുക്കള്‍ക്ക് ധനസഹായം- എങ്ങനെ അപേക്ഷിക്കാം..

 

സംസ്ഥാനത്ത് കോവിഡ് രോഗബാധ മൂലം ആയിരക്കണക്കിന് ആളുകള്‍ മരണമടഞ്ഞിട്ടുണ്ട്. ഇങ്ങനെ മരണമടഞ്ഞവരുടെ ഏറ്റവും
അടുത്ത ബന്ധുവിന് അന്‍പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശം അനുസരിച്ച്
ബന്ധപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിന് എന്തൊക്കെ
കാര്യങ്ങളാണ് മരിച്ചവരുടെ അടുത്ത ബന്ധു ചെയ്യേണ്ടതെന്ന് പൊതുജനങ്ങളുടെ ഇടയില്‍ പലതരത്തിലുള്ള സംശയങ്ങള്‍ നിലവിലുണ്ട്.
i. ആരെല്ലാമാണ് കോവിഡ് മൂലം മരിച്ചയാള്‍ എന്ന നിര്‍വ്വചനത്തില്‍ പെടുന്നവര്‍.
കോവിഡ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള ആര്‍.ടി.പി.സി.ആര്‍/ആന്റിജന്‍/ട്രൂനാറ്റ്/സി.ബി.നാറ്റ് തുടങ്ങിയ പരിശോധനകളിലൂടെ രോഗം
സ്ഥിരീകരിച്ചവര്‍, രോഗിയെ ചികിത്സിച്ച ഡോക്ടര്‍ മറ്റേതെങ്കിലും പരിശോധന വഴി കോവിഡ് രോഗം ആണെന്ന് സ്ഥിതീകരിച്ചവര്‍
എന്നിവരെയെല്ലാം കോവിഡ് രോഗികളായി കണക്കാക്കും.
a. മേല്‍ സൂചിപ്പിച്ച പ്രകാരം കോവിഡ് രോഗം സ്ഥിരീകരിച്ചവര്‍ 30 ദിവസത്തിനുള്ളില്‍ മരണമടഞ്ഞാല്‍ കോവിഡ് മരണമായി
കണക്കാക്കും.
b. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രികളില്‍ ചികിത്സയിലിരിക്കുന്നവര്‍ 30 ദിവസത്തിനു ശേഷം മരിച്ചാലും കോവിഡ് മരണമായി
കണക്കാക്കും.
കോവിഡ് രോഗബാധ സ്ഥിരീകരിച്ചവര്‍ അപകടം, കൊലപാതകം, വിഷം ഉള്ളില്‍ ചെന്നുള്ള മരണം, ആത്മഹത്യ എന്നിവ മൂലം മരിച്ചാല്‍ കോവിഡ് മരണമായികണക്കാക്കില്ല.

ii കോവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍ എവിടെ നിന്ന് ലഭിക്കും?.
കോവിഡ് മൂലം

മരണമടഞ്ഞവരുടെ വിവരങ്ങള്‍ covid19.kerala.gov/deathinfo എന്ന സൈറ്റില്‍ ലഭ്യമാണ്. ഈ പോര്‍ട്ടലില്‍
നിന്നും കോവിഡ് മരണം സ്ഥിരീകരിക്കപ്പെട്ടവരുടെ അടുത്ത ബന്ധുവിന് ഇതു സംബന്ധമായ രേഖ അതാതു പഞ്ചായത്തിലെ
ആരോഗ്യ സ്ഥാപനത്തില്‍ അപേക്ഷ നല്‍കി കൈപ്പറ്റാവുന്നതാണ്. ഈ രേഖയുടെ അടിസ്ഥാനത്തില്‍ ആനുകൂല്യം ലഭിക്കുന്നതിനായി ജില്ലാ
കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
ഈ പോര്‍ട്ടലിലുള്ള കോവിഡ് മരണ പ്രഖ്യാപന രേഖക്ക് പുറമെ വേറെ ഔദ്യോഗിക രേഖ ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട തദ്ദേശ
സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും മരണ രജിസ്‌റ്റ്രേഷന്‍ നമ്പര്‍ ടി പോര്‍ട്ടലില്‍ രേഖപ്പെടുത്തി ഔദ്യോഗിക കോവിഡ് മരണ
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കണം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ issue of certificate in new format എന്ന ഒപ്ഷനില്‍ ക്ലിക്ക്
ചെയ്യണം. സര്‍ക്കാരിന്റെ ഔദ്യോഗിക കോവിഡ് മരണ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടുള്ള ലിസ്റ്റില്‍ പേര് ഇല്ലാതെ വരികയോ, രേഖയില്‍
തിരുത്ത് ആവശ്യമായി വരികയോ ചെയ്താല്‍ ഇതിനായി പോര്‍ട്ടലില്‍ ഓണ്‍ലൈനായി അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കണം.
ഇതിനു വേണ്ടി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്. ഇങ്ങനെ അപേക്ഷിക്കുമ്പോള്‍ അപേക്ഷയുടെ കാരണം (correction in certificate
received എന്നോ name not in declared list എന്നോ) ഏതാണോ അതില്‍ ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണം.
ഇങ്ങനെ അപ്പീല്‍ നല്‍കുമ്പോള്‍ മരണമടഞ്ഞവരുടെ താഴെപറയുന്ന
വിവരങ്ങള്‍ നല്‍കണം.
a. അതത് തദ്ദേശ സ്ഥാപനത്തില്‍ നിന്നുള്ള മരണ സര്‍ട്ടിഫിക്കറ്റ് സൈറ്റില്‍ അപ്ലോഡ് ചെയ്യണം.
b. മരിച്ചയാളുടെ പേര്, വയസ്, ലിംഗം, മെഡിക്കല്‍ റിക്കോര്‍ഡ്‌സില്‍ രേഖപ്പെടുത്തിയിട്ടുള്ള ഫോണ്‍ നമ്പര്‍, ജില്ല, സംസ്ഥാനം, തദ്ദേശ
സ്ഥാപനം എന്നിവയുടെ പേര് വാര്‍ഡ്/ഡിവിഷന്‍ നമ്പര്‍.
c. മരണം നടന്ന സ്ഥലത്തിന്റെ പേര്, ജില്ല, സംസ്ഥാനം, മരിച്ച തീയതി, മരിച്ച ആശുപത്രി/ സ്ഥാപനത്തിന്റെ പേര്.
d. ആശുപത്രി അഡ്മിഷന്‍ നമ്പര്‍.(നമ്പര്‍ ലഭ്യമല്ലെങ്കില്‍ ആയത്‌ചേര്‍ക്കേണ്ടതില്ല)
e. വീട്ടില്‍ മരണം സംഭവിച്ചാല്‍ ഏത് ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത് ആയതിന്റെ പേര്, മരിച്ചയാളെ ചികിത്സിച്ചിരുന്ന
ആശുപത്രിയിലെ ഡോക്ടറുടെ പേര്.
f. അപ്പീല്‍ നല്‍കുന്ന ബന്ധുവിന്റെ പേര്, ഫോണ്‍ നമ്പര്‍, നിയമ സാധ്യതയുള്ള തിരിച്ചറിയല്‍ രേഖ.
അപേക്ഷകര്‍ക്ക് തങ്ങളുടെ ഫോണ്‍ നമ്പര്‍ ഓണ്‍ലൈന്‍ ആയി നല്‍കി അപേക്ഷയുടെ സ്ഥിതി പരിശോധിക്കാവുന്നതാണ്.
ഇങ്ങനെ നല്‍കുന്ന അപേക്ഷ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ
നേതൃത്വത്തിലുള്ള അഞ്ച് അംഗ വിദഗ്ധ സമിതി 30 ദിവസത്തിനുള്ളില്‍ അപേക്ഷ പരിശോധിച്ച് തീരുമാനം എടുക്കുന്നതും ഈ വിവരം സംസ്ഥാന ജനന- മരണ മുഖ്യ രജിസ്റ്റ്രാര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ജനന-മരണ രജിസ്റ്റ്രാര്‍ എന്നിവരെ അറിയിക്കുന്നതാണ്. അതോടൊപ്പം വിവരം അതാതു പഞ്ചായത്തിലെ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുന്നതാണ്.
മേല്‍ സൂചിപ്പിച്ച ജില്ലാ തല സമിതിയുടെ(Covid Death AscertainingCommittee) പ്രവര്‍ത്തനം ഒക്ടോബര്‍ 10 മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!