Thodupuzha

പാചക വാതകത്തിനും നിത്യോപയോഗ സാധനങ്ങള്‍ക്കും വന്‍ വില വര്‍ധന; പ്രതിസന്ധിയില്‍ ഹോട്ടലുടമകള്‍

 

തൊടുപുഴ: വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെയും നിത്യോപയോഗ സാധനങ്ങളുടേയും വില വര്‍ധനവ് ഹോട്ടലുടമകളെ പ്രതിസന്ധിയിലാഴ്ത്തി. അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവ് മൂലം ദിവസേനയുണ്ടാകുന്ന അധിക ബാധ്യത താങ്ങാവുന്നതിലും അധികമാണെന്ന് ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയുന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറൊന്നിന് കഴിഞ്ഞ ഒറ്റ ദിവസം കൊണ്ട് 256 രൂപയും അഞ്ച് മാസത്തിനിടെ 530 രൂപയുടേയും വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവില്‍ 2256 രൂപയാണ് വാണിജ്യ ആവശ്യത്തിനുള്ള ഒരു സിലിണ്ടര്‍ പാചക വാതകത്തിന്റെ വില. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയിലധികമാണ് സിലിണ്ടറൊന്നിന് വര്‍ധിച്ചത്.

സാധാരണ കച്ചവടമുള്ള ഒട്ടുമിക്ക ചെറുകിട കടകളിലും ദിവസനേ ഒരു സിലിണ്ടര്‍ പൂര്‍ണമായും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. തൊടുപുഴയിലെ പ്രമുഖ കടകളില്‍ ദിനം പ്രതി അഞ്ചും ആറും കുറ്റി പാചക വാതകമാണ് വേണ്ടി വരിക. ഇത്തരം കടകകളില്‍ ദിവസനേയെന്ന വണ്ണം വന്‍ സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. വിറകിലേക്ക് തിരിച്ച് പോയാല്‍ മാത്രമേ പിടിച്ച് നില്‍ക്കാനാവൂ എന്നതാണ് സ്ഥിതിയെന്ന് ഹോട്ടല്‍ വ്യാപാരികള്‍ പറയുന്നു. ലഭ്യതക്കുറവും പല കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ പ്രത്യേകത മൂലം വിറക് ഉപയോഗിച്ചുള്ള അടുപ്പ് പ്രവര്‍ത്തിപ്പിക്കാനാവില്ലെന്നതും പ്രതിസന്ധിയാണ്. നിലവില്‍ പിക്ക് അപ്പ് ജീപ്പില്‍ ഒരു ലോഡ് വിറകിന് 6000 മുതല്‍ 7000 രൂപാ വരെയാണ് ഈടാക്കുന്നത്. ചെറുകിട കടകളില്‍ ഇത്തരത്തിലുള്ള ഒരു ലോഡ് വിറക് ഉപയോഗിച്ച് പത്ത് ദിവസത്തിലേറെ പാചകം ചെയ്യാനാവും.

ഇതിന് പുറമേ പച്ചക്കറി – പലവ്യഞ്ജന സാധനങ്ങള്‍ക്ക് അടുത്തിടെയുണ്ടായ വിലവര്‍ധനവും കടയുടമകളെ സാരമായി ബാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടായിരം രൂപയ്ക്ക് വാങ്ങിയിരുന്ന അതേ സാധനങ്ങള്‍ ഇപ്പോള്‍ അതേ അളവില്‍ വാങ്ങണമെങ്കില്‍ ഇരട്ടിയിലധികം വില നല്‍കേണ്ടി വരുന്നുണ്ട്. ഇതില്‍ പച്ചക്കറി, പയര്‍ വര്‍ഗങ്ങള്‍, എണ്ണ തുടങ്ങിയവയുടെ വില മിക്ക ദിവസങ്ങളിലും വര്‍ധനവാണുള്ളത്. ഉച്ച ഊണിന് ഉള്‍പ്പെടെ മുന്‍പ് നല്‍കിക്കൊണ്ടിരുന്ന എല്ലാ കറികളും കൊടുക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും കടയുടകള്‍ പറഞ്ഞു.

പാചക എണ്ണയ്ക്കുണ്ടായ വിലക്കയറ്റം സാരമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ഹോട്ടലുകളില്‍ പ്രധാനമായും ഉപയോഗിക്കുന്ന പാമോയില്‍ കിലോയ്ക്ക് 165 – 170 രൂപ നല്‍കണം. ഇതേ തുടര്‍ന്ന് മിക്ക വ്യാപാരികളും ആസ്പിരിന്‍ കോക്കനട്ട് ഓയില്‍ ഉപയോഗിച്ചാണ് പാചകം. ഇതിന് കിലോ 150 രൂപയാണ് നിലവില്‍. വില വര്‍ധനവ് മൂലം ഏത്തപ്പഴം ഉപയോഗിച്ചുള്ള പഴംപൊരി പോലുള്ള വിഭവങ്ങള്‍ പല കടകളിലും ഉണ്ടാക്കാറില്ല. ഏത്തപ്പഴത്തിന് കിലോ 62 രൂപയാണ്. ഇതിന് പുറമേയാണ് വൈദ്യുതി ബില്ലിലുണ്ടായ വര്‍ധനവ്. ഇതോടൊപ്പം കനത്ത വാടകയും തൊഴിലാളികളുടെ കൂലിയും കൂടി നല്‍കിക്കഴിയുമ്പോള്‍ ലാഭമെന്നത് സ്വപ്നമാണെന്ന് ഹോട്ടലുടമകള്‍ സൂചിപ്പിച്ചു. വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാതിരിക്കാന്‍ തൊഴിലാളികളുടെ എണ്ണം കുറച്ചും പല വലിഭവങ്ങളും ഒഴിവാക്കുകയുമാണ് ചെയ്യുന്നത്. കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിക്ക് പുറമേ അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും തങ്ങളെ പ്രതികൂലമായി ബാധിച്ചതായും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ വിഭവങ്ങളുടെ വിലവര്‍ധിപ്പിക്കേണ്ടി വരുമെന്നും വ്യാപാരികള്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!