Thodupuzha

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കൂറുമാറിയത് ജനാധിപത്യ വിരുദ്ധം: മഹിളാ കോണ്‍ഗ്രസ്

തൊടുപുഴ: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂറുമാറിയത് ജനാധിപത്യ വിരുദ്ധവും അധികാര കൊതി മൂലവുമാണെന്നും കൂറുമാറിയ പ്രസിഡന്റ് കോണ്‍ഗ്രസില്‍ നിന്ന് ചുവപ്പ് പരവതാനി പ്രതീക്ഷിക്കേണ്ടെന്നും മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റിനെതിരെ സി.പി.എം നടത്തുന്ന രാഷ്ട്രീയ നാടകം എന്ത് വിലകൊടുത്തും ചെറുക്കും. നൂറ് കണക്കിന് ആളുകള്‍ കഠിന പ്രയത്‌നം നടത്തി ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി ടിക്കറ്റ് കൊടുത്ത് വിജയിപ്പിച്ച്് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും നല്‍കിയിട്ട് അധികാരത്തിന്റെ മത്ത് തലയ്ക്കു പിടിച്ച പ്രസിഡന്റ് കൂറുമാറിയത് അമാന്യമാണ്. ഡി.സി.സി അധ്യക്ഷന്‍ യു.ഡി.എഫില്‍ നിന്നും ലഭിക്കാത്ത സുഖം സി.പി.എമ്മില്‍ നിന്നും ലഭിക്കുമായിരിക്കുമെന്ന് പറഞ്ഞത് ഭരണ സുഖത്തെയാണ്. അതിനെ വളച്ചൊടിക്കാനാണ് സി.പി.എം. ശ്രമം. സ്ത്രീവിരുദ്ധ പരാമര്‍ശം തങ്ങളുടെ നിഘണ്ടുവിലില്ല എന്ന് പ്രസ്താവിച്ച മഹിളാ നേതാവ് സ്വന്തം അച്ഛന്‍ പെമ്പിളൈ ഒരുമൈ സമരത്തില്‍ അധിക്ഷേപം പറഞ്ഞതും പൈനാവ് എന്‍ജിനീയറിംഗ് കോളജ് പ്രിന്‍സിപ്പലിനോട് പറഞ്ഞതും, ജില്ലാ സെക്രട്ടറി ചെറുതോണിയിലെ പ്രമുഖ ഹോട്ടല്‍ വ്യാപാരിയെ പുലഭ്യം പറഞ്ഞതും യൂ ട്യൂബ് പരിശോധിച്ചാല്‍ കാണാം. മൈക്കിന് ജീവനുണ്ടെങ്കില്‍ പ്രതികരിക്കുന്ന അവസ്ഥയാണ് എം.എം. മണിയുടെയും ജില്ലാ സെക്രട്ടറിയുടെയും മുന്‍കാല പ്രസംഗങ്ങള്‍. കോണ്‍ഗ്രസ് പാര്‍ട്ടിയെയും നേതാക്കളെയും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് വെട്ടിലാക്കാന്‍ സാധിക്കില്ലെന്നും മഹിളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. നേതാക്കളായ ലീലാമ്മ ജോസ്, രാജേശ്വരി ഹരിഹരന്‍, നൈറ്റ്‌സി കുര്യാക്കോസ്, ഹാജിറ സെയ്തുമുഹമ്മദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!