Thodupuzha

ഇടുക്കിയിലെ ഭൂപ്രശ്നം; ജനാധിപത്യ കേരള കോണ്‍ഗ്രസ് കര്‍ഷക റാലി 10ന്

 

തൊടുപുഴ: ജില്ലയില്‍ നിലവിലുള്ള ഭൂപ്രശ്‌നങ്ങളും കര്‍ഷകര്‍ അനുഭവിക്കുന്ന വെല്ലുവിളികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 10-ന് വൈകിട്ട് മൂന്നിന് കര്‍ഷക റാലി നടത്തുമെന്ന് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളുടെ തുടക്കമാണ് തൊടുപുഴയില്‍ നടക്കുന്ന റാലി. 1964-ലെ ഭൂ പതിവ് ചട്ടങ്ങളിലെ നാലാം ചട്ടവും 1993-ലെ പ്രത്യേക ഭൂപതിവ് ചട്ടത്തിലെ മൂന്നാം ചട്ടവും സംസ്ഥാനത്താകെ ബാധകമാക്കും വിധം ഭേദഗതി ചെയ്യണം. കൂടാതെ മൂന്നാറിനായി പ്രത്യേക നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്താലേ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാനാവൂ. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകയും, ആന്ധ്രയും മുതല്‍ ജമ്മു കാശ്മീര്‍ വരെ ചട്ട ഭേദഗതി വന്നു കഴിഞ്ഞു.

വന്യജീവികള്‍ക്ക് മനുഷ്യരേക്കാള്‍ പ്രാധാന്യം നല്‍കുന്ന വനംവകുപ്പ് നിലപാട് തിരുത്തണം. കരുതല്‍ മേഖലയില്‍ നിന്നും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം. റീബില്‍ഡ് കേരളയുടെ ഫണ്ട് ഉപയോഗിച്ച് വനംവകുപ്പ് ജനവാസ മേഖലകളിലെ ഭൂമികള്‍ വാങ്ങിക്കൂട്ടുന്നത് തടയണം. കൃഷി ചെയ്യുന്ന കര്‍ഷകന്റെ കൈയ്യിലേക്ക് കാര്‍ബണ്‍ ഫണ്ട് എത്തിക്കണം. രാജ്യത്തെ കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ നിന്നും കേന്ദ്രം പിന്‍മാണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. 10ന് വൈകിട്ട് മൂന്നിന് തെനംകുന്ന് ബൈപ്പാസില്‍ നിന്ന് ആരംഭിക്കുന്ന റാലി ഗാന്ധി സ്‌ക്വയറിന് സമീപമുള്ള പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പൊതുസമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു പങ്കെടുക്കും. റാലിയുടെ പ്രചര്‍ണാര്‍ഥം പാര്‍ട്ടി വെള്ളിയാഴ്ച വണ്ണപ്പുറത്ത് നിന്നും വാഹന പ്രചരണജാഥ ആരംഭിക്കും. പത്ര സമ്മേളനത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി.സി.ജോസഫ്, നേതാക്കളായ ജോര്‍ജ് അഗസ്റ്റിന്‍, സി.ടി.ഫ്രാന്‍സിസ്. എം.ജെ.ജോണ്‍സണ്‍, റോയി വാരിക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!