IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളജില്‍ എത്തുന്നവര്‍ സൂക്ഷിക്കുക; ഇഴജന്തുക്കളുണ്ട്

ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രി പരിസരം കാട് മൂടി ഇഴജന്തുക്കളുടെ താവളമായി മാറി. കാട് നിറഞ്ഞ പരിസരം ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ജീവനക്കാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും അപകട ഭീഷണിയാണ്.ആശുപത്രിക്കായി നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ബ്ലോക്കിന്റെയും പ്രവര്‍ത്തിച്ചുവരുന്ന പഴയ ബ്ലോക്കിന്റെയും പരിസരം, ഹോസ്റ്റലുകള്‍, പ്രിന്‍സിപ്പല്‍ ഓഫീസ്,മറ്റ് അനുബന്ധ ഓഫീസുകളുടെയുമെല്ലാം പരിസരങ്ങള്‍ കാടുപടലങ്ങളാല്‍ മൂടിയിരിക്കുകയാണ്.

വെള്ളാപ്പാറ ഫോറസ്റ്റ് ഡിവിഷനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമായതിനാല്‍ ഇഴജന്തുക്കള്‍ക്കു പുറമേ വന്യജീവികളുടെയും സാന്നിധ്യം ഏറെയാണ്. പ്രതിദിനം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ജനങ്ങള്‍ക്ക് ഇത് വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്. കിടപ്പുരോഗികളുടെ കൂട്ടിരിപ്പുകാരൊക്കെ രാത്രികാലങ്ങളില്‍ ഭക്ഷണത്തിനും മരുന്നിനും ഒക്കെയായി പുറത്തിറങ്ങുമ്പോള്‍ ഇഴജന്തുക്കളെ പതിവായി കാണുന്നതായി പറയുന്നു. പഴയ ബ്ലോക്കില്‍ നിന്നും പുതിയ ബ്ലോക്കിലേക്ക് നടന്നു പോകുമ്പോഴും സമാന അവസ്ഥയാണ് ഉള്ളത്. രാത്രി ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കും ഇത്തരത്തില്‍ ഭീഷണിയുണ്ട്. ആശുപത്രി പരിസരം ശുചിത്വമുള്ളതായി പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് വന്‍ വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ആരോപണമുണ്ട്. രോഗികളെ കിടത്തി ചികിത്സിക്കുന്ന പഴയ കെട്ടിടത്തിന്റെ ഭിത്തിയിലും ടെറസിലും പലയിടത്തും ആല്‍മരത്തിന്റെ തൈകള്‍വരെ വളര്‍ന്നു നില്‍പ്പുണ്ട്. സന്നദ്ധ സംഘടനകള്‍ വര്‍ഷത്തിലെപ്പോഴെങ്കിലും പരിസര ശുചീകരണം നടത്തുന്നതൊഴിച്ച് കാട് വെട്ടിത്തെളിച്ച് ശുചീകരണം നടത്താറില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

Related Articles

Back to top button
error: Content is protected !!