Idukki

ഇടുക്കി ഭൂ സ്വാതന്ത്ര്യത്തിലേക്ക് : എല്‍ഡിഎഫ്

ചെറുതോണി : ഇടുക്കിക്ക് മേല്‍ ഇടിത്തീയായി കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന ഒരു നിയമം കൂടി ഭേദഗതി ചെയ്ത് ഇടതുപക്ഷ സര്‍ക്കാര്‍ ഭൂ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി എല്‍ഡിഎഫ് ഇടുക്കി ജില്ലാകമ്മിറ്റി. ഇടുക്കിക്കാര്‍ക്ക് ലഭിക്കേണ്ട നീതി രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഗവര്‍ണര്‍ വൈകിപ്പിച്ചെങ്കിലും ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പിട്ടത് സ്വാഗതാര്‍ഹം. ബില്ലില്‍ ഒപ്പിടുന്നത് അനാവശ്യമായി വൈകിപ്പിക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിനിടെയാണ് ബില്ലില്‍ ഒപ്പിട്ടിട്ടുള്ളത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇടുക്കി ജില്ലാ നേതൃത്വത്തിന്റെ നിരന്തരമായ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ബില്ലില്‍ ഒപ്പിടാത്ത ഗവര്‍ണറെ പിന്തുണച്ചവര്‍ക്കും ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് ജില്ലയിലെത്തുമ്പോള്‍ സംരക്ഷണം നല്‍കുമെന്ന് പ്രസ്താവന നടത്തിയ ഡീന്‍ കുര്യാക്കോസിന് മുഖത്തേറ്റ അടികൂടിയാണ് ഇപ്പോഴുണ്ടായിട്ടുള്ളത്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഇടുക്കിയില്‍ ജനങ്ങളുടെ സ്വതന്ത്ര ജീവിതം ഉറപ്പാവുകയാണ്.

ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവ നിര്‍മ്മിക്കപ്പെടുന്നതിലൂടെ ടൂറിസം വികസനവും യാഥാര്‍ഥ്യമാകും. ഉടന്‍ തന്നെ ചട്ടങ്ങള്‍ രൂപീകരിക്കുകയും പെര്‍മിറ്റുകള്‍ നല്‍കി തുടങ്ങുകയും ചെയ്യുന്നതിലൂടെ നാട് കൂടുതല്‍ സുഗമവും സുതാര്യവുമായ ജീവിത സാഹചര്യത്തിലേക്ക് കടക്കും. നിലവില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങള്‍ ക്രമവല്‍ക്കരിക്കപ്പെടും. ആരാധാനാലയങ്ങള്‍, ലൈബ്രറികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് പൊതുസ്ഥാപനങ്ങളുള്‍പ്പടെ ക്രമവല്‍ക്കരിക്കപ്പെടുന്നതോടെ ഒരാശങ്കകള്‍ക്കും അടിസ്ഥാനമില്ലാതെ ജനങ്ങള്‍ക്കാകെ പ്രതീക്ഷ നല്‍കുന്ന നാളുകളാണ് വരാന്‍ പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു. ബില്ല് നിയമമായി മാറിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജില്ലയിലെല്ലായിടത്തും വിജയാഘോഷ പ്രകടനങ്ങള്‍ നടത്തും. ഇടുക്കി ജനതയുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്ക്കാരം നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി കെ. രാജനെയും മന്ത്രി റോഷി അഗസ്റ്റിനെയും വീണ്ടും അഭിനന്ദിക്കുന്നതായും എല്‍ഡിഎഫ് കണ്‍വീനര്‍ കെ.കെ. ശിവരാമന്‍, സി.വി. വര്‍ഗീസ്, കെ. സലിം കുമാര്‍, ജോസ് പാലത്തിനാല്‍, അഡ്വ. കെ.ടി. മൈക്കിള്‍, കോയ അമ്പാട്ട്, കെ.എന്‍. റോയി, രതീഷ് അത്തിക്കുഴി, സിബി മൂലേപ്പറമ്പില്‍, ജോണി ചെരിവുപറമ്പില്‍, കെ.എം. ജബ്ബാര്‍, സി.എം. അസീസ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!