Moolammattam

ലൈബ്രറിയുടെ മറവിൽ അനധികൃത പള്ളി നിർമ്മാണം; പ്രതിഷേധവുമായി നാട്ടുകാർ

മൂലമറ്റം: അറക്കുളം കാവുംപടിക്ക് സമീപം കല്ലാരിക്കുന്നിൽ യഹോവ സാക്ഷികൾ ലൈബ്രറിയുടെ മറവിൽ പള്ളി നിർമ്മിക്കുന്നതായി പരാതി. പഞ്ചായത്തിൽ നിന്നും ലൈബ്രറി നിർമ്മിക്കാൻ എന്ന വ്യാജേന സംഘടിപ്പിച്ച പെർമിറ്റിൻ്റെ മറവിലാണ് പള്ളി നിർമ്മാണം പുരോഗമിക്കുന്നത്. ലൈബ്രറിയുടെ പെർമിറ്റിനായി അപേക്ഷിച്ച സമയത്ത് സമർപ്പിച്ച പ്ലാൻ പ്രകാരമല്ല ഇപ്പോൾ നിർമ്മാണം നടത്തുന്നത് എന്നാണ് വിവരം. വിശാലമായ ഹാൾ ഉൾപ്പെടെയാണ് പണിയുന്നത്. ലൈബ്രറി
അല്ല പള്ളിയാണ് പണിയുന്നത് എന്ന് തിരച്ചറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നു. പള്ളി പണിയുന്ന സ്ഥലത്തോ പഞ്ചായത്തിൻ്റെ മറ്റ് ഭാഗങ്ങളിലോ യഹോവ സാക്ഷികൾ താമസിക്കുന്നില്ല. എറണാകുളം ഭാഗത്തു നിന്നുള്ളവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇടുങ്ങിയ റോഡരികിലാണ് പള്ളി നിർമ്മിക്കുന്നത്. പഞ്ചായത്തിൽ നിന്നും പള്ളി നിർമ്മാണത്തിന് യാതൊരു വിധ അനുമതിയും നൽകിയിട്ടില്ല. കെട്ടിട നിർമ്മാണ ചട്ടങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് നിർമ്മാണം പുരോഗമിക്കുന്നത്. യഹോവ സാക്ഷികൾ ആരാധനയ്ക്കായി ഇവിടെ എത്തിയാൽ പ്രദേശം ശബ്ദമുഖരിതമാകും. വിശ്വാസികൾ ഇല്ലാത്ത പ്രദേശത്ത് പള്ളി നിർമ്മാണം നടത്തുന്നത് ഗൂഢലക്ഷ്യം മുൻനിർത്തിയാണ് എന്ന സംശയമാണ് നാട്ടുകാർ ഉയർത്തുന്നത്. എറണാകുളം കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് ബോംബ് പൊട്ടി 8 പേർ മരിച്ച സംഭവം അടുത്തിടെയാണ് ഉണ്ടായത്. ഈ സംഭവത്തോടെ ഇത്തരം അനധികൃത നിർമ്മാണം ഉൾപ്പെടെയുള്ളവ വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്ന അഭിപ്രായമാണ് നാട്ടുകാർക്ക് ഉള്ളത്.
യഹോവ സാക്ഷികൾ ആരും ഇല്ലാത്ത സ്ഥലത്ത് രഹസ്യമായി നടത്തുന്ന പള്ളി നിർമ്മാണം നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും, വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി സംസ്ഥാന സമിതി അംഗവും പഞ്ചായത്ത് മെമ്പറുമായ പി.എ.വേലുക്കുട്ടൻ ആവശ്യപ്പെട്ടു.

പഞ്ചായത്ത് സെക്രട്ടറി പറയുന്നത്

വർഷങ്ങൾക്ക് മുമ്പ് ലഭിച്ച പെർമിറ്റിൻ്റെ പേരിലാണ് അവർ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. പള്ളി പണിയാനുള്ള അനുമതി നൽകിട്ടില്ല. പള്ളി പണിയുന്നതിനെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി തന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡൻ്റിനൊപ്പം സ്ഥലം സന്ദർശിച്ചിരുന്നു. പള്ളി നിർമ്മാണത്തിനുള്ള അനുമതിയല്ല നൽകിയത്.പരാതി ഉണ്ടായതിനാൽ കൂടുതൽ അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!