ChuttuvattomThodupuzha

സംസ്ഥാന പാതയോരത്ത് അനധികൃത തടിയിറക്ക്; നഗരസഭാ ചെയര്‍മാന്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു

തൊടുപുഴ: നഗരസഭയുടെ നിർദ്ദേശം മറികടന്ന് സംസ്ഥാന പാതയോരത്ത് അനധികൃതമായി തടിയിറക്കുകയും ഒരാൾ അപകടത്തിൽപ്പെടുകയും ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് റോഡരികിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഭവം വിവാദമായതോടെ തൊടുപുഴ തഹസിൽദാറും സർക്കിൾ ഇൻസ്പെക്ടറും സ്ഥലത്തെത്തി. തുടർന്ന് തടി നീക്കാനുള്ള നടപടികൾ ആരംഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.സംസ്ഥാന പാതയുടെ ഭാഗമായ വെങ്ങല്ലൂർ – കോലാനി ബൈപ്പാസിലെ അനധികൃത തടിയിറക്കുമായി പത്ത് ദിവസത്തിനുള്ളിൽ രണ്ടാമത് പ്രാവശ്യമാണ് നഗരസഭാ ചെയർമാൻ സമര രംഗത്തിറങ്ങുന്നത്. കഴിഞ്ഞ 14നും മൂവാറ്റുപുഴ സ്വദേശി ഷിഹാബ് ഇതേ സ്ഥലത്ത് റോഡരികില്‍ അപകടകരമായി തടിയിറക്കിയിരുന്നു. അന്ന് നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയതോടെ നഗരസഭ ഇടപെട്ട് തടി സ്ഥലത്തുനിന്ന് മാറ്റിയതാണ്. എന്നാൽ തടിയിറക്കരുതെന്ന ഉത്തരവ് മറികടന്ന് ഷിഹാബിൻ്റെ നിർദ്ദേശപ്രകാരം  ശനിയാഴ്‍ച രാത്രി വീണ്ടും റോഡരികില്‍ തടിയിറക്കി. ഇത് കാണാതെ ഇരുചക്ര വാഹനത്തിലെത്തിയ മങ്ങാട്ടുകവല സ്വദേശി കാര്‍ത്തിക് ബിനു എന്ന യുവാവ് വാഹനത്തിലിടിച്ച് മറിഞ്ഞ് അപകടമുണ്ടായി. ഇതേ തുടർന്നാണ് ഇറക്കിയ തടികള്‍ അടിയന്തരമായി സ്ഥലത്തുനിന്ന് മാറ്റണമെന്നും ഇവയ്‍ക്ക് നേതൃത്വം നല്‍കുന്ന ഷിഹാബിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട്  നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം സ്ഥലത്തെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. തൊടുപുഴ നഗരത്തില്‍ പലയിടത്തും ഇത്തരത്തില്‍ തടയിറക്കുന്നുണ്ട്. റോഡിന് വീതിയുള്ള സ്ഥലങ്ങളിൽ തടിയിറക്കി കൂട്ടിയിടുന്നതാണ് ഇവരുടെ രീതി. ഇനിയിത് അനുവദിക്കാനാവില്ലെന്നും ചെയര്‍മാൻ പറഞ്ഞു. സംഭവം വിവാദമായതോടെ തൊടുപുഴ തഹസില്‍ദാര്‍ എം അനില്‍കുമാറിന്റെ നേതൃത്വത്തില്‍ റവന്യൂ അധികൃതരും നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരും സെക്രട്ടറിയും തൊടുപുഴ സി.ഐ സുമേഷ് സുധാകരനും സ്ഥലത്തെത്തി. സ്ഥലത്ത് നിന്നും ഉടൻ തന്നെ തടി നീക്കം ചെയ്യണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ കൂടി ഷിഹാബിനോട് ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ  വൈകിട്ടോടെ തടി സ്ഥലത്തുനിന്ന് നീക്കി. സംഭവത്തിൽ സംസ്ഥാന പാതയോരത്ത് അനധികൃതമായി തടിയിറക്കിയ വ്യാപാരിയും മുവാറ്റുപുഴ സ്വദേശിയുമായ ഷിഹാബിനെതിരെ (45) കേസെടുത്തു. റോഡരികില്‍ അപകടകരമായ രീതിയില്‍ തടിയിറക്കി പൊതുജനത്തിന്റെ സഞ്ചാരസ്വാതന്ത്ര്യം തടസഞ്ഞതിനും ഗതാഗതം തടസപ്പെടുത്തിയതിനുമാണ് കേസെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. ചൊവ്വാഴ്‌‍ച അറസ്റ്റ് രേഖപ്പെടുത്തും. അനധികൃത കച്ചവടത്തിന് സൗകര്യമൊരുക്കുന്ന സമീപത്തെ വെയ്ബ്രിഡ്‍ജ് സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭ തീരുമാനിച്ചു. സ്ഥാപനത്തിനെതിരെ പ്രദേശവാസികളില്‍നിന്ന് നിരവധി പരാതികള്‍ കിട്ടിയിട്ടുണ്ടെന്നും ചെയര്‍മാൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!