ChuttuvattomThodupuzha

അനധികൃത പാര്‍ക്കിംഗ് തൊടുപുഴ നഗരത്തില്‍ തര്‍ക്കം പതിവ്

തൊടുപുഴ: നഗരത്തിലെ അനധികൃത വാഹന പാര്‍ക്കിംഗിനെ ത്തുടര്‍ന്ന് വാഹന ഉടമകളും വ്യാപാര സ്ഥാപന നടത്തിപ്പുകാരും തമ്മില്‍ വാക്കേറ്റം പതിവാകുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി സ്വന്തം വാഹനത്തില്‍ എത്തുന്ന പലരും കച്ചവട സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയാത്തവിധമാണ് അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്നാണ് വ്യാപാരികളുടെ പരാതി. ചിലര്‍ രാവിലെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ രാത്രിയാകും തിരികെ കൊണ്ടുപോകുന്നത്. ഇത് പലപ്പോഴും സ്ഥാപന നടത്തിപ്പുകാരും വാഹന ഉടമകളും തമ്മില്‍ വാക്കേറ്റത്തിലാണ് അവസാനിക്കുന്നത്. ഇന്നലെ രാവിലെ 11 ഓടെ തൊടുപുഴ മാര്‍ക്കറ്റ് റോഡിലും ഉച്ചയ്കഴിഞ്ഞ് 1.15 ഓടെ മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനു സമീപത്തും സമാന സംഭവമുണ്ടായി. മാര്‍ക്കറ്റ് റോഡില്‍ വാക്കേറ്റമുണ്ടായപ്പോള്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആളുകള്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. കച്ചവട സ്ഥാപനത്തിലേക്ക് ആളുകള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത വിധം പാര്‍ക്ക് ചെയ്ത കാര്‍ മാറ്റിയിടാന്‍ സ്ഥാപന ഉടമ വാഹന ഡ്രൈവറോട് പറഞ്ഞു. എന്നാല്‍ ഇതു വകവയ്ക്കാതെ ഇയാള്‍ പോയതാണ് തര്‍ക്കത്തിനിടയാക്കിയത്.
മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനു സമീപം കച്ചവട സ്ഥാപനത്തിലേക്കുള്ള വഴിയില്‍ യുവാവ് ഇരു ചക്ര വാഹനം പാര്‍ക്ക് ചെയ്തിട്ട് അടുത്ത സ്ഥാപനത്തിലേക്ക് പോകാന്‍ ശ്രമിച്ചു. വഴിയില്‍ നിന്നു മാറ്റിവയ്ക്കാന്‍ സ്ഥാപന ഉടമ പറഞ്ഞെങ്കിലും യുവാവ് വാഹനം മാറ്റി സ്ഥാപനത്തിന്റെ ബോര്‍ഡ് മറച്ച് പാര്‍ക്ക് ചെയ്തു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് യുവാവ് ഇരുചക്ര വാഹനം അവിടെനിന്നു മറ്റൊരു സ്ഥലത്തേക്കു മാറ്റിയത്. ഇത്തരത്തില്‍ ചെറുതും വലുതുമായ നിരവധി സംഭവങ്ങളാണ് തൊടുപുഴ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിത്യവും അരങ്ങേറുന്നതെന്ന് ജനങ്ങള്‍ പറയുന്നു. അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കണമെന്നാണ് വ്യാപാ രികളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!