ChuttuvattomThodupuzha

അനധികൃത വഴിയോര കച്ചവടം നടത്തിയാല്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചു നീക്കും; നഗരസഭ ചെയര്‍മാന്‍

തൊടുപുഴ: നഗരത്തില്‍ പാതയോരത്ത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ അനധികൃത വഴിയോര കച്ചവടം നടത്തിയാല്‍ പോലീസിന്റെ സഹായത്തോടെ പൊളിച്ചു നീക്കുമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. കാഞ്ഞിരമറ്റം-മങ്ങാട്ടുകവല ബൈപാസില്‍ റോഡു കൈയേറിയുള്ള വഴിയോര കച്ചവടം പൊതുമരാമത്ത്, നഗരസഭ അധികൃതര്‍ പോലീസ് സഹായത്തോടെ പൊളിച്ചു നീക്കിയിരുന്നു. ഇവിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റോഡില്‍ നിന്നും രണ്ടു മീറ്റര്‍ ഉള്ളിലായി കച്ചവടം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് സുഗമമായി കടന്നു പോകുന്നതിനും വേണ്ടിയാണ് ഞായറാഴ്ച കടകള്‍ പൊളിച്ച് നീക്കിയത്. ഈ കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മൂലം പ്രദേശത്ത് ആളുകളുടേയും വാഹനങ്ങളുടേയും തിരക്ക് വര്‍ധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികളും നഗരസഭയില്‍ ലഭിച്ചിരുന്നു. നേരത്തെ ഇവിടുത്തെ അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിച്ചെങ്കിലും വീണ്ടും പഴയ സ്ഥാനത്തു തന്നെ പുനസ്ഥാപിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ് അധികൃതര്‍ നടപടി സ്വീകരിച്ചത്. കച്ചവടക്കാര്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച്ച ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് റോഡില്‍ നിന്നും രണ്ടു മീറ്റര്‍ ഉള്ളിലായി കച്ചവടം നടത്താന്‍ അനുമതി നല്‍കിയത്. നഗരസഭ പരിധിയില്‍ യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ഗതാഗത തടസത്തിന് ഇടയാക്കുന്ന തരത്തിലും പ്രവര്‍ത്തിക്കുന്ന വഴിയോര കച്ചവടം കര്‍ശനമായി നീക്കം ചെയ്യുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ വഴിയാത്രക്കാര്‍ക്കും വാഹന സഞ്ചാരത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ കച്ചവടം നടത്തുന്നതിന് നഗരസഭ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!