KarimannurLocal Live

തൊമ്മന്‍കുത്ത് പുഴയുടെ പലിടങ്ങളിലായി വെള്ളത്തില്‍ ഒഴുകിപ്പോകാതെ തടഞ്ഞ് കിടക്കുന്ന വലിയ തടികള്‍ പ്രതിസന്ധിയാകുന്നു

കരിമണ്ണൂര്‍: തൊമ്മന്‍കുത്ത് പുഴയുടെ പലിടങ്ങളിലായി വെള്ളത്തില്‍ ഒഴുകിപ്പോകാതെ തടഞ്ഞ് കിടക്കുന്ന വലിയ തടികള്‍ പ്രതിസന്ധിയാകുന്നു. കണ്ണാടിപുഴയ്ക്കു കുറുകെയാണ് പലയിടങ്ങളിലായി ഇത്തരത്തില്‍ വെള്ളത്തില്‍ തടികള്‍ കിടക്കുന്നത്. ഏതാനും മാസം മുമ്പ് കീഴാര്‍കുത്തിന് താഴെ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വേളൂര്‍ വനത്തില്‍ നിന്നും ഒഴുകിയെത്തിതാണ് തടികള്‍. ഇവ പാലത്തിന് താഴെയുള്‍പ്പെടെ വിലങ്ങി കിടക്കുന്നത് മൂലം പലയിടങ്ങളിലും വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തടികള്‍ കിടക്കുന്നത് മൂലം ഇവിടെ ചപ്പുചവറുകളും ചെളിയും തങ്ങി നിന്ന് പുഴയുടെ ഒഴുക്കിനും തടസം നേരിടുന്നുണ്ട്. വര്‍ഷകാലത്ത് ചെറിയ മഴ പെയ്താല്‍ പോലും പുഴ കര കവിഞ്ഞ് തീരത്ത് താമസിക്കുന്നവരുടെ വീടുകളിലും പുരയിടത്തിലും വെള്ളം കയറുന്ന സ്ഥിതിയാണ്. ശക്തമായ മഴയില്‍ വനത്തില്‍ നിന്നുള്‍പ്പെടെ വെള്ളം കുത്തിയൊഴുകിയാണ് പുഴയിലൂടെ എത്തുന്നത്. കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും ഉള്‍പ്പെടെയെത്തുന്ന വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്ന് ചപ്പാത്തിന് ബലക്ഷയം ഉണ്ടാകുന്നതിനും കാരണമാകും. വിവിധയിടങ്ങളിലായി തടികള്‍ ഒഴുകിപ്പോകാതെ കിടക്കുന്നതിനാല്‍ പുഴയുടെ ഇരുകരകളിലുമുള്ള കുളിക്കടവുകളില്‍ മണല്‍ വന്ന് അടിഞ്ഞ് കൂടിയിട്ടുണ്ട്. ഇതുമൂലം കുളിക്കാന്‍ പോലും ബുദ്ധിമുട്ടാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനം – പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് തടി നീക്കം ചെയ്ത് പുഴയുടെ ഒഴുക്കു സുഗമമാക്കി അപകട സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!