ChuttuvattomThodupuzha

വൈദ്യുതി ബില്ലിൽ വർദ്ധന: മൂന്ന് ജീവനക്കാർക്ക് കൂടി സസ്പെൻഷൻ

തൊടുപുഴ: ഇരുന്നൂറിലേറെ ഉപഭോക്താക്കളുടെ മീറ്റർ റീഡിംഗിൽ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിയ്ക്ക് വൈദ്യുതി ബിൽ ഇനത്തിൽ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ കൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്ഷൻ- 1 ഓഫീസിലെ അസി. എൻജിനീയർ ശ്രീനിവാസൻ, സബ് എൻജിനീയർമാരായ പ്രദീപ് കുമാർ, അനൂപ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് നടപടി. രണ്ട് മാസം മുമ്പ് സെക്ഷൻ ഒന്നിലെ മീറ്റർ റീഡിംഗ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയർ അസിസ്റ്റന്റിനുമെതിരെ സസ്‌പെൻഷൻ നടപടിയുമെടുത്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ട് വർഷത്തോളം മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. കരാർ ജീവനക്കാരനെ നിരീക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തത്. ഇവർക്ക് ക്രമക്കേടിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മേയിൽ മീറ്റർ റീഡർമാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരൻ റീഡിംഗ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിംഗിൽ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ വളരെയധികം കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തിൽ വർദ്ധന കണ്ടെത്തിയത്. പരാതി ഉയർന്നതിനെ തുടർന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിംഗ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിംഗിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർത്ഥ റീഡിംഗിനേക്കാൾ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. എന്തിന് വേണ്ടിയാണ് ഇയാൾ ഇത് ചെയ്തതെന്ന് വ്യക്തമായില്ല. തുടർന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറിയത്. വിജിലിൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം ആദ്യം തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കൾക്ക് വൻതുകയുടെ വൈദ്യുതി ബിൽ ലഭിച്ചു. ശരാശരി 2000- 2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപ വരെയാണ് ബിൽ വന്നത്. തുടർന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജിന്റെയും കൗൺസിലർ കെ. ദീപക്കിന്റെയും നേതൃത്വത്തിൽ ഉപഭോക്താക്കൾ കെ.എസ്.ഇ.ബി ഓഫീസിൽ  പ്രതിഷേധവുമായെത്തിയിരുന്നു.  പിരിച്ചുവിട്ട മീറ്റർ റീഡർ നേരത്തെ റീഡിംഗ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലിൽ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.

Related Articles

Back to top button
error: Content is protected !!