Thodupuzha

അയ്യൻകാളിയെ അപകീർത്തിപ്പെടുത്തിയത് യാദൃശ്ചീകമല്ല: കേരള പുലയൻ മഹാസഭ

തൊടുപുഴ: നവോത്ഥാന നായകനും സാമൂഹ്യ പരിഷ്‌കർത്താവുമായ മഹാത്മാ അയ്യൻകാളിയെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നത് യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ലെന്നും വളരെ ബോധപൂർവ്വം ചില തത്പരകക്ഷികൾ സമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ച് തെറ്റായ സന്ദേശം നൽകാൻ വേണ്ടി ഇത്തരത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചിന്തിക്കേണ്ടി വരുമെന്നും കേരള പുലയൻ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. അനിൽകുമാർ പറഞ്ഞു. അയ്യൻകാളിയെ അപമാനിച്ചതിൽ കുറ്റക്കാരായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പുലയൻ മഹാസഭയുടെ നേതൃത്വത്തിൽ മറ്റിതര ദളിത് സംഘടനാ നേതാക്കളെയും പങ്കെടുപ്പിച്ച് നടത്തിയ പ്രതിഷേധ ധർണ്ണ തൊടുപുഴ പഴയ ബസ് സ്റ്റാൻഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനിൽകുമാർ. കേരള സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം. മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദളിത് ഐക്യ സമിതി സംസ്ഥാന പ്രസിഡന്റ് കെ.കെ. ജിൻഷു മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ നേതാക്കളായ പി. ശാരദ, സി.സി. കൃഷ്ണൻ, കെ.എസ്. സജീവൻ എന്നിവർ പ്രസംഗിച്ചു. വിജോ വിജയൻ സ്വാഗതവും പി.എ. ജോണി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!