Thodupuzha

കാരിക്കോട്- തൊണ്ടിക്കുഴ- കുന്നം  റോഡ് തകര്‍ന്നു: യാത്ര ദുഷ്‌ക്കരം

തൊടുപുഴ: തൊടുപുുഴ നഗരത്തില്‍ നിന്ന് ആരംഭിച്ച് ഇടവെട്ടി പഞ്ചായത്തിലൂടെ കടന്ന് വീണ്ടും മുനിസിപ്പാലിറ്റിയിലെത്തി അവസാനിക്കുന്ന കാരിക്കോട്- തൊണ്ടിക്കുഴ- കുന്നം റോഡ്‌ തകര്‍ന്നു. 2.8 കിലോ മീറ്റര്‍ മാത്രമുള്ള റോഡില്‍ മിക്കയിടങ്ങളും കുഴികള്‍ നിറഞ്ഞ് കഴിഞ്ഞു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള റോഡിനെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് ജീവിക്കുന്നത്. 2021 മെയ് മാസത്തിലാണ് റോഡ് അവസാനമായി അറ്റകുറ്റപണി നടത്തിയത്. എന്നാല്‍ ആ മഴക്കാലത്ത് തന്നെ റോഡ് തകരാന്‍ തുടങ്ങി. കാരിക്കോട് നിന്ന് ആരംഭിക്കുന്ന ഉണ്ടപ്ലാവ് കവലയിലടക്കം റോഡ് കുഴികളായി കിടക്കുകയാണ്.

ദിനവും നൂറ് കണക്കിന് വാഹനങ്ങള്‍ കടന്ന് പോകുന്ന ഇവിടെ ഇതിനാല്‍ തന്നെ ഗതാഗത കുരുക്കും പതിവാണ്. രണ്ടുപാലം, തൊണ്ടിക്കുഴ, ആര്‍പ്പമാറ്റം തുടങ്ങിയ സ്ഥലങ്ങളില്ലെല്ലാം റോഡ് വലിയ കുഴികള്‍ നിറഞ്ഞ് കിടക്കുകയാണ്. തൊണ്ടിക്കുഴയില്‍ മാത്രം അടുത്തകാലത്ത് ഒരു ഡസണിലധികം സ്ഥലത്താണ് പൈപ്പ് പൊട്ടി കുഴികള്‍ രൂപപ്പെട്ടത്. ഇതിന് പിന്നാലെ കുടിവെള്ള പൈപ്പിടാനായി റോഡിന്റെ അരിക് കുഴിച്ചിട്ടിരിക്കുകയാണ്. തൊണ്ടിക്കുഴയില്‍ പഴയ റേഷന്‍ കട ഇരുന്നതിന് സമീപം റോഡാകെ 25 മീറ്ററോളം നീളത്തില്‍ കുഴി നിറഞ്ഞ് വെള്ളം കെട്ടി കിടക്കുകയാണ്. മഴയെത്തുന്നതോടെ ഇവിടെ അര അടിവരെ വെള്ളമുയരും. കുഴികള്‍ അറിയാതെ എത്തുന്നവര്‍ അപകടത്തില്‍പ്പെടുന്നതും പതിവാണ്. സ്ഥലത്ത് റോഡ് പൊക്കി നിര്‍മിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. മറുവശത്ത് വെള്ളക്കെട്ടായി കിടന്നിരുന്ന ഭാഗം റോഡിന്റെ വീതി കുറച്ച് അടച്ച് കെട്ടിയതോടെയാണ് ഇവിടെ പ്രശ്നം തുടങ്ങിയത്.

റോഡാകെ ആധുനിക രീതിയില്‍ ബിഎം ബിസി നിലവാരത്തിലുള്ള ടാറിങ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമുള്ള സ്ഥലത്ത് റോഡിനായി സ്ഥലമേറ്റെടുത്ത് കുറഞ്ഞത് 6 മീറ്റര്‍ വീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കണം. റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നേരത്തെ ഈ വഴിയിലൂടെ സ്വകാര്യ ബസ് സര്‍വീസ് നടത്തിയിരുന്നു. വഴിയുടെ വീതി കുറവും വഴിയരികിലെ അശാസ്ത്രീയ പാര്‍ക്കിങ്ങും മൂലം പലപ്പോഴും ഇവിടെ ഗതാഗത കുരുക്കുകള്‍ ഉണ്ടാകാറുണ്ട്. റോഡ് നന്നാക്കുമെന്ന് പൊതുമരാത്ത് ഉറപ്പ് നല്‍കുമ്പോഴും ഓരോ വര്‍ഷം 50-80 ലക്ഷം രൂപ വരെയാണ് യാതൊരു ഗുണവുമില്ലാതെ ഇവിടെ ചിലവഴിക്കുന്നത്.

Related Articles

Back to top button
error: Content is protected !!