Thodupuzha

കാരിക്കോട്-കാഞ്ഞാര്‍ റോഡ് ശോചനീയാവസ്ഥ: പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ച് സി.പിഎം

 

തൊടുപുഴ: കാരിക്കോട്-കാഞ്ഞാര്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. നിലവില്‍ ആറ് മീറ്ററാണ് റോഡിന്റെ വീതി. ഇത് 10 മീറ്ററാക്കി സ്ഥലം ഏറ്റെടുക്കലും ടാറിങും ഉള്‍പ്പെടെയുള്ള പണി പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ 10 കോടി രൂപ ഫണ്ട് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം പദ്ധതി നിര്‍വഹണത്തിന് വലിയ കാലതാമസം ഉണ്ടാകുന്നുണ്ട്. സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ക്ക് വേഗതയില്ലെന്നും സി.പി.എം പ്രവര്‍ത്തകര്‍ ആരോപിച്ചു. ഈ റോഡിലെ കുഴികളില്‍ വീണ് ഇരുചക്ര വാഹനക്കാരടക്കം അപകടത്തില്‍പെടുന്നത് പതിവാകുകയാണ്. സ്ഥലമേറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ ഈ റോഡ് ബി.എം.ബി.സി നിലവാരത്തില്‍ ടാറിങ് ചെയ്യണം. ഇതിന് വേണ്ടി സര്‍ക്കാര്‍ തലത്തില്‍ ആവശ്യമായി വരുന്ന ഇടപെടലുകള്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ചെയ്തു നല്‍കാമെന്നും, എന്നാല്‍ ഉദ്യോഗതലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് അതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പൊതുമരാമത്ത് ഉദ്യോഗസ്ഥരും റോഡിന്റെ ശോചനീയാവസ്ഥ നേരില്‍ സന്ദര്‍ശിച്ച് മനസിലാക്കി. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റോഡിന്റെ ടാറിങ് പണികള്‍ ഉടനെ ആരംഭിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, കമ്മിറ്റിയംഗങ്ങളായ ബി. സജി കുമാര്‍, വി.ബി. വിനയന്‍, അജയ് ചെറിയാന്‍ തോമസ്, ലിനു ജോസ്, പി.കെ. രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!