Thodupuzha

കര്‍ണാടക ഫലം: ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് പി.ജെ. ജോസഫ്

തൊടുപുഴ: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എംഎല്‍എ. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാരിനും ഇതേ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് നയിച്ച ഗോള്‍ഡന്‍ ജൂബിലി സന്ദേശയാത്രയുടെ സമാപന സമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കര്‍ഷക, ജനവിരുദ്ധ നയങ്ങള്‍ തിരുത്താത്തപക്ഷം കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വന്യമൃഗ ആക്രമണങ്ങള്‍ മൂലവും പ്രകൃതിക്ഷോഭങ്ങളിലും ജീവന്‍ നഷ്ടമായവരും കടബാധ്യതയില്‍ ജീവന്‍ നഷ്ടപ്പെടുത്തിയവരുമായ കര്‍ഷക രക്തസാക്ഷികളെ അനുസ്മരിച്ചും ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് ജൂബിലി സന്ദേശയാത്ര അഞ്ചു നിയോജക മണ്ഡലങ്ങളില്‍ പര്യടനം നടത്തിയത്.

ഭൂനിയമങ്ങള്‍ അടിയന്തരമായി ഭേദഗതി ചെയ്യുക, വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക, കാര്‍ഷികമേഖലയില്‍ വനം, റവന്യു വകുപ്പിന്റെ കടന്നുകയറ്റം അവസാനിപ്പിക്കുക, വന്യമൃഗങ്ങളില്‍നിന്നു കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക, ബഫര്‍ സോണ്‍ വിഷയം പരിഹരിക്കുക, കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, കാര്‍ഷിക, കാര്‍ഷികേതര വായ്പകളുടെ പലിശ എഴുതിത്തള്ളുന്നതിന് ആവശ്യമായ തുക ഇടുക്കി പാക്കേജില്‍നിന്നു നീക്കിവയ്ക്കുക, 12,000 കോടിയുടെ ഇടുക്കി പാക്കേജ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയില്‍ ഉന്നയിച്ചത്. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രഫ. എം.ജെ. ജേക്കബ്, പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ്, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ഹൈപര്‍ കമ്മിറ്റി അംഗങ്ങളായ എം.പി. ജോസഫ്, അഡ്വ. ജോസഫ് ജോണ്‍, അപു ജോണ്‍ ജോസഫ്, പ്രഫ. ഷീല സ്റ്റീഫന്‍, എം. മോനിച്ചന്‍, അജിത് മുതിരമല, വര്‍ഗീസ് വെട്ടിയാങ്കല്‍, റോയി ഉമ്മന്‍, ബ്ലെയ്‌സ് ജി. വാഴയില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!