Thodupuzha

കര്‍ഷകര്‍ക്ക് കൈത്താങ്ങ്; ജൂബിലി സന്ദേശയാത്രയുമായി കേരള കോണ്‍ഗ്രസ്

തൊടുപുഴ: ഹൈറേഞ്ചില്‍ നിന്നും കുടിയിറക്ക് ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി ജില്ലയില്‍ കേരള കോണ്‍ഗ്രസ് ജൂബിലി സന്ദേശയാത്ര നടത്തുമെന്ന് കേരളാ കോണ്‍ഗ്രസ് ഭാരവാഹികള്‍ അറിയിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി രൂപവത്കരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി പ്രമാണിച്ചാണ് യാത്ര. സാമ്പത്തിക പ്രതിസന്ധിയും അരക്ഷിതാവസ്ഥയും നേരിടുന്ന കര്‍ഷകര്‍ക്കായി യാഥാര്‍ഥ്യബോധത്തോടെ പുത്തന്‍ ദീര്‍ഘകാല വികസന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് യാത്ര നടത്തുന്നത്.
ജില്ല രൂപവത്കരിച്ചിട്ട് 50 വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ ജനങ്ങള്‍ അതിരൂക്ഷമായ പ്രതിസന്ധികളെ നേരിടുകയാണ്. കൈവശഭൂമിക്ക് മുഴുവന്‍ പട്ടയം നല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ജില്ലയിലെ റിസര്‍വ്വ് വനങ്ങളുടെ ചുറ്റും ബഫര്‍സോണ്‍ എന്ന ഭീഷണി നിലനില്‍ക്കുന്നു. വന്യമൃഗങ്ങളുടെ കടന്നുകയറ്റം കാര്‍ഷിക മേഖലയെ രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ മൂലം പട്ടയഭൂമിയില്‍ നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ ജില്ലയുടെ സ്ഥാനം 14-ാമതാണ്. ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയും വികസനമുരടിപ്പും തൊഴിലില്ലായ്മയും സമസ്ത മേഖലകളിലും ദൃശ്യമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാത്തത് സാമ്പത്തിക പ്രതിസന്ധി ഇരട്ടിപ്പിക്കുകയാണ്. ടൂറിസം മേഖലയില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയുന്നില്ല.
പി.ജെ.ജോസഫിന്റെയും കെ.എം.മാണിയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ഇടുക്കിയുടെ വികസനത്തിന്റെ അടിസ്ഥാനം. പി.ജെ.ജോസഫ് ജില്ലയ്ക്ക് അനുവദിച്ച സ്‌കൂളുകളും, പ്ലസ്ടു, എന്‍ജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ മേഖലയില്‍ കുതിപ്പുണ്ടാക്കി. കൈവശ ഭൂമിയില്‍ പട്ടയം ലഭിക്കാന്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ സമരങ്ങളും പ്രവര്‍ത്തനങ്ങളും ഐതിഹാസികമാണെന്നും നേതാക്കള്‍ പറഞ്ഞു.
മേയ് എട്ടിന് കഞ്ഞിക്കുഴിയില്‍ ആരംഭിക്കുന്ന യാത്ര പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി 13-ന് തൊടുപുഴയില്‍ സമാപിക്കും.

Related Articles

Back to top button
error: Content is protected !!