Thodupuzha

കേരളാ കോണ്‍ഗ്രസ് ഇടുക്കി ജൂബിലി സന്ദേശയാത്ര 8 മുതല്‍ 13 വരെ

തൊടുപുഴ: ജില്ലയുടെ സമഗ്ര വികസനത്തിനും ജനസുരക്ഷയ്ക്കും ഉതകുന്ന ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ ജേക്കബ് നേതൃത്വം നല്‍കുന്ന ജൂബിലി സന്ദേശയാത്ര 8 ന് രാവിലെ 9ന് കഞ്ഞിക്കുഴിയില്‍ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ.ജോസഫ് ഉദ്ഘാടനം ചെയ്യും. ഹൈറേഞ്ചിലെ കര്‍ഷകര്‍ക്ക് തുടര്‍ന്നും അവിടെ സുഗമമായി താമസിക്കാന്‍ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. ഭൂനിയമങ്ങള്‍ അടിയന്തരമായി ഭേദഗതി ചെയ്ത് നിര്‍മ്മാണ നിരോധനവും കുടിയിറക്കവും അവസാനിപ്പിക്കുക. വ്യാപാര – വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ച് യുവജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പു വരുത്താന്‍ ആവശ്യമായ അന്തരീക്ഷം സൃഷ്ടിക്കുക, വനം വകുപ്പിന്റെ കടന്നു കയറ്റം അവസാനിപ്പിക്കുക, വന്യമൃഗങ്ങളില്‍ നിന്നും കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുക, ബഫര്‍സോണ്‍ വിഷയം പരിഹരിക്കുക, കൈവശ ഭൂമിക്ക് പട്ടയം നല്‍കുക, ബാങ്ക് വായ്പകളുടെ പലിശ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ജാഥ നടത്തുന്നത്. 8 ന് ഇടുക്കി നിയോജക മണ്ഡലത്തില്‍ പര്യടനം നടത്തി ജാഥ പാറത്തോടില്‍ സമാപിക്കും. 9 ന് ദേവികുളം നിയോജക മണ്ഡലത്തിലെ അടിമാലിയില്‍ ആരംഭിച്ച് ബൈസണ്‍ വാലിയില്‍ സമാപിക്കും. 10 ന് ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ രാജാക്കാട് നിന്നും ആരംഭിച്ച് ജാഥ ഇരട്ടയാറില്‍ സമാപിക്കും. 11 ന് പീരുമേട് നിയോജക മണ്ഡലത്തിലെ അണക്കരയില്‍ ആരംഭിച്ച് 35 -ാം മൈലില്‍ സമാപിക്കും. 12 ന് ഇടവെട്ടിയില്‍ ആരംഭിച്ച് വഴിത്തലയിലും 13 ന് പാറത്തല പാറയില്‍ ആരംഭിച്ച് തൊടുപുഴയിലും സമാപിക്കും. ജാഥയോടനുബന്ധിച്ച് നടക്കുന്ന ഉദ്ഘാടനം സമാപന സ്ഥലങ്ങളില്‍ പി.സി തോമസ് എക്‌സ് എം.പി,, മോന്‍സ് ജോസഫ് എം.എല്‍.എ, അഡ്വ. ജോയി എബ്രാഹം എക്‌സ് എം.പി, ടി.യു കുരുവിള, അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ് എക്‌സ് എം.പി, അഡ്വ. തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, എം.പി പോളി, എം.പി ജോസഫ്, സജി മഞ്ഞക്കടമ്പന്‍, അഡ്വ. പ്രിന്‍സ് ലൂക്കോസ്, വി.ജെ. ലാലി, ഷിബു തെക്കുംപുറം എന്നീ സംസ്ഥാന നേതാക്കള്‍ വിവിധ ജാഥ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും.

Related Articles

Back to top button
error: Content is protected !!