Thodupuzha

കൗമാരക്കാര്‍ക്കായി കൂട്ട് കര്‍മ്മ പദ്ധതി

 

തൊടുപുഴ: കേരള സര്‍ക്കാര്‍ വനിതാ ശിശുവികസന വകുപ്പ്, ഇളംദേശം ഐസിഡിഎസ് പ്രൊജക്ടിലെ സൈക്കോ സോഷ്യല്‍ കൗണ്‍സിലേഴ്സ് കൗമാരപ്രായക്കാര്‍ക്കായി കൂട്ട് കര്‍മ്മ പരിപാടി ആരംഭിച്ചു. കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും അതിനെതിരെ പ്രതികരിക്കണം, പ്രതിരോധിക്കണം എന്ന സന്ദേശം സമൂഹത്തിന് നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അറിയിക്കേണ്ട നിയമ സംവിധാനങ്ങളെക്കുറിച്ചും, കുട്ടികള്‍ക്കെതിരെ നടക്കുന്ന വിവിധതരത്തിലുള്ള അതിക്രമങ്ങളെപ്പറ്റിയും വഴിത്തല ശാന്തിഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ തെരുവു നാടകം അവതരിപ്പിച്ചു. കൗമാരക്കാരായ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി ശൈശവ വിവാഹം, പോക്സോ എന്നീ വിഷയങ്ങളില്‍ നിയമ ബോധവത്ക്കരണ പരിപാടികളും, ഓണ്‍ ലൈന്‍ ക്ലാസുകള്‍, സ്വയം പ്രതിരോധിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനായി പരിശീലന കളരികള്‍, ജീവിത നൈപുണ്യ പരിശീലനങ്ങള്‍ എന്നിവയും നടത്തി.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്, എക്സൈസ്, പോലീസ്, വഴിത്തല ശാന്തിഗിരി കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ്, വിവിധ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധികള്‍, ചൈല്‍ഡ് ഡിവലപ്മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസറുമാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് പരിപാടി നടത്തിവരുന്നത്.

Related Articles

Back to top button
error: Content is protected !!