ChuttuvattomThodupuzha

‘തിരികെ സ്‌കൂളില്‍’ കുടുംബശ്രീ സി.ഡി.എസ്. പ്രവേശനോത്സവം നടത്തി

മണക്കാട്: ഇരുപത്തഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുടുംബശ്രീ സംസ്ഥാന മിഷന്‍  കുടുംബശ്രീ അംഗങ്ങള്‍ക്കായി കേരളമൊട്ടാകെ നടത്തി വരുന്ന  സ്‌കൂള്‍ പ്രവേശനോത്സവം (‘തിരികെ സ്‌കൂളില്‍’) പഞ്ചായത്ത്തല ഉദ്ഘാടനം മണക്കാട് ചിറ്റൂര്‍ ഗവ.എല്‍.പി.സ്‌കൂളില്‍ നടന്നു.കേരളമൊട്ടാകെ ഏകദേശം 46 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പ്രവേശനോത്സവത്തില്‍ പങ്കെടുക്കുന്നത്. സംഘടന ശക്തി, സംഘടനയെ കുറിച്ചുള്ള അറിവ് വളര്‍ത്തുക, അനുഭവപാഠങ്ങള്‍, നാട്ടിലെ മാറ്റങ്ങളെ കുറിച്ചും, സംഘടനയുടെ കണക്ക് കൈകാര്യം ചെയ്യുന്നതില്‍ അവബോധം വളര്‍ത്തുക, കൂട്ടായ്മ, ജീവിത ഭദ്രത, സന്തോഷം, ഉപജീവനം, ഡിജിറ്റല്‍ കാലം ഇതെല്ലാം പാഠ്യവിഷയമാക്കിയാണ് ക്ലാസ്സുകള്‍ ഒരുക്കിയിരിക്കുന്നത്.

അയല്‍കൂട്ടങ്ങള്‍ക്ക് ഇടപെടാനാകുന്ന മേഖലകളായ തൊഴില്‍, ഏവര്‍ക്കും വരുമാനം, സാമൂഹ്യ സുരക്ഷ, ആരോഗ്യ സുരക്ഷ, കലാ-കായിക വിനോദം, പോഷണ സാക്ഷരത, സ്വരക്ഷ, നിയമ അവബോധം, ഡിജിറ്റല്‍ സാക്ഷരത, ഭരണ വികസന പങ്കാളിത്തം, സര്‍ക്കാര്‍ സംവിധാനങ്ങളും സേവനങ്ങളും എന്നിവയെ അടിസ്ഥാനമാക്കിയും ക്ലാസുകള്‍ ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച പതിനയ്യായിരത്തോളം അധ്യാപകരാണ് ക്ലാസുകള്‍  നയിക്കുന്നത്.  ഡിസംബര്‍ 10 വരെയാണ് പഞ്ചായത്ത് തലങ്ങളില്‍ ക്ലാസുകള്‍ നടക്കുക.ഇതിന്റെ ഭാഗമായി മണക്കാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ 5,6 വാര്‍ഡുകളിലെ അംഗങ്ങള്‍ക്കായി മണക്കാട് ചിറ്റൂര്‍ ഗവ.എല്‍.പി.സ്‌കൂളിലാണ്  പ്രവേശനോത്സവം ഒരുക്കിയത്. കുട്ടികള്‍ ക്ലാസുകളിലെത്തും വിധം അയല്‍കൂട്ട അംഗങ്ങളായ അമ്മമാര്‍ തലമുടി പിന്നി റിബണ്‍ കെട്ടിയും, ഒരേ തരത്തിലുള്ള ഡ്രസുകള്‍ അണിഞ്ഞും, ബാഗും, ബുക്കും, ചോറ്റുപാത്രങ്ങളും കൈയ്യിലേന്തിയാണ് ക്ലാസുകളില്‍ എത്തിയത്.

ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കുംബശ്രീ കുട്ടികളെ ആനയിച്ചെത്തിയ ചടങ്ങിന്റെ പഞ്ചായത്തു തല ഉദ്ഘാടനം  അസംബ്ലിക്ക് ശേഷം ഫ്‌ളാഗ് ഓഫ് ചെയ്തു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസ്  നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.മധു അധ്യക്ഷത വഹിച്ചു.സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ശ്രീജ രാജീവ് മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എസ്.ജേക്കബ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീന ബെന്നി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജീന അനില്‍, ബ്ലോക്ക് മെമ്പര്‍ ജയന്‍.എ, വാര്‍ഡ് മെമ്പര്‍ വി.ബി.ദിലീപ് കുമാര്‍, സി.ഡി.എസ്.അക്കൗണ്ടന്റ് ഗീത ഹരി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!