ChuttuvattomThodupuzha

കുടുംബശ്രീയുടെ ‘ഓണവിപണിക്ക്’ ലാഭക്കൊയ്ത്ത്

തൊടുപുഴ: വനിതകളുടെ നേതൃത്വത്തില്‍ ഓണക്കാലത്ത് ഇടുക്കി ജില്ലാ കുടുംബശ്രീ മിഷന്‍ ഒരുക്കിയ ‘ഓണവിപണിക്ക്’ ലാഭക്കൊയ്ത്ത്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിച്ച ഓണ വിപണിയില്‍ നിന്ന് 3,976,494 രൂപയുടെ വിറ്റ് വരവാണ് കുടുംബശ്രീ നേടിയെടുത്തത്. കട്ടപ്പന  നഗരസഭയില്‍ രണ്ട്, തൊടുപുഴ നഗരസഭയില്‍ ഒന്ന്, ഗ്രാമപഞ്ചായത്തുകള്‍ 50 എന്നിങ്ങനെ ഇടുക്കി ജില്ലയിലെ 53 സി.ഡി.എസുകളുടെ നേതൃത്വത്തിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഓണവിപണികള്‍ ഒരുക്കിയത്. കൂടാതെ മൂന്നാര്‍, അടിമാലി എന്നിവിടങ്ങളില്‍ സ്പെഷ്യല്‍ വിപണന കേന്ദ്രവും ചെറുതോണിയില്‍ ജില്ലാ കുടുംബശ്രീ മിഷന്‍ നേരിട്ട് നടത്തിയ വിപണന കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. പ്രാദേശികമായ ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്ന് ജില്ലയിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളിലെ സി.ഡി.എസുകളില്‍ ഓണ വിപണി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല.

ആകെ 589 സംരംഭങ്ങള്‍

സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം കുടുംബശ്രീ കേരളത്തിലെമ്പാടും സംഘടിപ്പിച്ച പദ്ധതിയുടെ ഭാഗമായിട്ടാണ് ജില്ലയിലും വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. വിവിധ സി.ഡി.എസുകളിലായി ജില്ലയില്‍ നിന്ന് 589 സംരംഭങ്ങളാണ് വിപണനത്തിന് എത്തിച്ചത്. കാര്‍ഷിക ഉത്പന്ന (ജെ.എല്‍.ജി) വിഭാഗത്തില്‍ നിന്ന് 1166 ഉത്പന്നങ്ങളും വിപണന കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നു. പ്രാദേശികമായിട്ടുള്ള സി.ഡി.എസുകള്‍ക്കാണ് വിപണന മേളയുടെ നടത്തിപ്പ് ചുമതല. ഇതിന് വേണ്ടി ഓരോ സി.ഡി.എസിനും അടിസ്ഥാന ചിലവുകള്‍ക്ക് 12,000 രൂപയും അനുവദിച്ചിരുന്നു. അധികമായി വരുന്ന ചെലവ് അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് നല്‍കണം. ചില സ്ഥലങ്ങളില്‍ സി.ഡി.എസുകള്‍ ഒറ്റക്കും മറ്റ് സ്ഥലങ്ങളില്‍ പഞ്ചായത്ത്, കൃഷിഭവന്‍ എന്നിങ്ങനെയുള്ള വിവിധ സ്ഥാപനങ്ങളുമായി ചേര്‍ന്നുമാണ് വിപണന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചത്. 12,494 അയല്‍ക്കൂട്ടങ്ങളിലായി 164,634 അംഗങ്ങളുള്ള ബൃഹത് ശൃംഖലയാണ് ജില്ലയിലെ കുടുംബശ്രീ. ഇവര്‍ ഓരോരുത്തരുടേയും ഓരോ തലങ്ങളിലുള്ള ഇടപെടലുകളും സഹകരണങ്ങളുമാണ് ജില്ലയില്‍ കുടുംബശ്രീ മിഷന്റെ പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

കുടുംബശ്രീ ബ്രാന്റ് ഉല്‍പ്പന്നങ്ങള്‍

ജില്ലയിലെ കുടുംബശ്രീ അംഗങ്ങളും സംരംഭകരും സ്വന്തമായി നിര്‍മ്മിച്ച സാധന സാമഗ്രികളായിരുന്നു ഓണം വിപണന മേളയുടെ മുഖ്യാകര്‍ഷണം. കുടുംബശ്രീ മിഷന്റെ പ്രശസ്തമായ ബ്രാന്റ് ഉത്പന്നങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സി.ഡി.എസുകളില്‍ വിപണനം നടത്തിയിരുന്നു. ഓരോ ദിവസവും വ്യത്യസ്ത ഇനങ്ങളിലുള്ള രുചിയേറും പായസം, പൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉല്പാദിപ്പിച്ച പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, അച്ചാര്‍, ചിപ്സ്, മസാലപ്പൊടികള്‍, പപ്പടം, തുണി ഉല്പന്നങ്ങള്‍, തേന്‍, വെളിച്ചെണ്ണ എന്നിങ്ങനെ വൈവിധ്യങ്ങളായ  ഉത്പന്നങ്ങളാണ് മേളയിലൂടെ വിപണനം ചെയ്തത്.

Related Articles

Back to top button
error: Content is protected !!