ChuttuvattomThodupuzha

കുമാരമംഗലം സഹകരണ ബാങ്ക് അടച്ചുപൂട്ടലിന്റെ വക്കില്‍

തൊടുപുഴ: വര്‍ഷങ്ങളായി എല്‍.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണസമിതി ഭരിക്കുന്ന കുമാരമംഗലം സര്‍വ്വീസ് സഹകരണ ബാങ്ക് അടച്ചുപൂട്ടലിന്റെ വക്കില്‍. ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിവിട്ട് ഇഷ്ടക്കാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും ലോണ്‍ നല്‍കിയതും കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപിടിക്കാതെയും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. സഹകാരികള്‍ അവരുടെ നിക്ഷേപങ്ങള്‍ ചോദിക്കുമ്പോള്‍ നല്‍കാന്‍ കാശില്ലാതെ കൈമലര്‍ക്കുകയാണിപ്പോള്‍.

സാധാരണക്കാരും കര്‍ഷകരുമാണ് മേഖലയില്‍ കൂടുതലും അധിവസിക്കുന്നത്. ഇവര്‍ മക്കളുടെ വിദ്യാഭ്യാസം ആവശ്യത്തിനും വിവാഹ കാര്യങ്ങള്‍ക്കും വേണ്ടി സ്വരുകൂട്ടിശേഖരിച്ച ചെറിയ ചെറിയ സമ്പാദ്യങ്ങളാണ് ഈ സഹകരണ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കില്‍ ചെന്ന് ചോദിക്കുമ്പോള്‍ ആഴ്ച്ചയില്‍ 5000 രൂപ വീതം തരാമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.സ്വര്‍ണ്ണപ്പണയം അടക്കമുള്ളവ മാസങ്ങളായി ബാങ്കില്‍ സ്വീകരിക്കുന്നില്ലായിരുന്നു. നേരത്തെ ബാങ്ക് കൂടുതല്‍ പ്രശ്‌നത്തിലേക്ക് കടക്കുകയാണെന്നറിഞ്ഞ് വലിയ തുക നിക്ഷേപിച്ചവര്‍ പിന്‍വലിച്ചിരുന്നു. അതേ സമയം എല്ലാവരുടേയും തുക തിരിച്ച് നല്‍കുമെന്നും ബാങ്ക് അധികം വൈകാതെ പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്നുമാണ് ബാങ്ക് ഭരണസമിതി പറയുന്നത്. ദിവസവും നിരവധിപേരാണ് പണം പിന്‍വലിക്കാനായി ബാങ്കിലേക്ക് എത്തുന്നത്. ഇവരെ ഒരുതരത്തിലാണ് പറഞ്ഞ് മനസിലാക്കി ബാങ്ക് അധികൃതര്‍ പറഞ്ഞുവിടുന്നത്.

Related Articles

Back to top button
error: Content is protected !!