ChuttuvattomIdukkiThodupuzha

ഭൂപതിവ് ഭേദഗതി ബില്‍: സമരക്കാര്‍ കീറിയെറിഞ്ഞത് ഇടുക്കിയിലെ ജനങ്ങളുടെ സ്വപ്നം: മന്ത്രി റോഷി

തൊടുപുഴ: ഇടുക്കിയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആശങ്ക പരിഹരിക്കുന്നതിനായി കൊണ്ട് വന്ന ബില്ല് സമരത്തിന്റെ പേരില്‍ കളക്ട്രേറ്റിന് മുന്നില്‍ കീറിയെറിഞ്ഞത് ഹൃദയഭേദകം ആയെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. നാളിതു വരെയുള്ള നിര്‍മാണങ്ങള്‍ ക്രമപ്പെടുത്തുന്നതിനാണ് ഭൂപതിവ് ഭേദഗതി ബില്ല് കൊണ്ട് വന്നിരിക്കുന്നത്. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇനി നിയമ സഭയില്‍ മടങ്ങിയെത്തി അംഗങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിക്കും. പോരായ്മകള്‍ ഉണ്ടെങ്കില്‍ അപ്പോള്‍ ചൂണ്ടിക്കാട്ടനുള്ള അവസരമുണ്ട്. അതിന്റെ പേരില്‍ ഇപ്പോഴേ എതിര്‍ക്കുന്നത് അനൗചിത്യം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഭാവിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പറഞ്ഞ് ഒരു ബില്ലും തയാറാക്കാന്‍ കഴിയില്ല. അങ്ങനെ ചെയ്താല്‍ അത് ചോദ്യം ചെയ്തു ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ ബില്‍ അവതരണം തന്നെ മുടങ്ങാനുള്ള സാധ്യതയുണ്ട്. എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള ഇച്ഛാശക്തിയുള്ള സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ജനങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണിത്. അതില്‍ രാഷ്ട്രീയം കാണരുത്. എന്നാല്‍ സ്പിരിറ്റ് ഉള്‍ക്കൊള്ളുന്നു എന്ന് പറഞ്ഞ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പക്ഷെ തടസ്സവാദം ഉന്നയിക്കുകയായിരുന്നു. ഇത് ബുദ്ധിമുട്ടുണ്ടാക്കി.

ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ചു ചരിത്രപരമായ ബില്ല് അവതരിപ്പിക്കുമ്പോള്‍ ജില്ലയിലെ യുഡിഎഫ് നേതാക്കള്‍ പോലും സഭയില്‍ ഉണ്ടായിരുന്നില്ല എന്നതില്‍ നിരാശ തോന്നിയെന്നും റോഷി പറഞ്ഞു. കഴിഞ്ഞ എട്ടിന് ബിസിനസ് അഡൈ്വസറി കമ്മിറ്റി ചേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും മറ്റ് കക്ഷിനേതാക്കളും ചേര്‍ന്നാണ് ഈ സമ്മേളന കാലയളവില്‍ ഏതൊക്കെ ബില്‍ കൊണ്ടുവരണമെന്ന് തീരുമാനിച്ചത്. ഭൂമി പതിവ് നിയമ ഭേദഗതി ബില്‍ 16ന് എടുക്കാനും നിശ്ചയിച്ചു. ശേഷം 24ന് ചര്‍ച്ചചെയ്ത് നിയമമാക്കാനാവുന്ന തരത്തിലാണ് ക്രമീകരിച്ചത്. ഇതിനിടയിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതും നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാനും തീരുമാനിച്ചത്. ഒമ്പതിന് വീണ്ടും ബിഎസി കൂടി 16ന് എടുക്കേണ്ട ബില്ലും 10ന് പരിഗണിക്കണമെന്ന് നിശ്ചയിച്ചു. ഇതിന് ശേഷമാണ് ബില്‍ അവതരണ വേളയില്‍ മാത്യു കുഴല്‍നാടന്‍ തടസവാദം ഉന്നയിച്ചത്. ബില്‍ നേരത്തെ സര്‍ക്കലേറ്റ് ചെയ്യപ്പെടേണ്ടതായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ തടസവാദം. അന്ന് അഞ്ചോ ആറോ ബില്‍ അവതരിപ്പിച്ചു. മറ്റൊരു ബില്ലിനും അവര്‍ക്ക് തടസവാദമില്ല. അവതരണ വേളയില്‍ ജില്ലയില്‍നിന്ന് ഭരണപക്ഷത്തുള്ള എല്ലാ എംഎല്‍എമാരും ഉണ്ടായിരുന്നു. പ്രതിപക്ഷത്ത് ജില്ലയിലെ ഏക പ്രതിനിധി പി.ജെ ജോസഫ് ഇല്ലായിരുന്നു. ആകെ ഏഴോ എട്ടോ എംഎല്‍എമാര്‍ മാത്രം.

Related Articles

Back to top button
error: Content is protected !!