ChuttuvattomIdukki

ഭൂപതിവ് നിയമഭേദഗതി ബില്‍: സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചു: ഡീന്‍ കുര്യാക്കോസ് എം.പി

തൊടുപുഴ: നാല് വര്‍ഷം നീണ്ട ആലോചനകള്‍ക്ക് ശേഷം ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കാവുന്ന നിയമഭേദഗതി കൊണ്ടുവരാതെ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആരോപിച്ചു. 2019 ഡിസംബര്‍ 17 ലെ സര്‍വകക്ഷിയോഗത്തില്‍ ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുമെന്നും ഭൂ പതിവ് നിയമം ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ഇതിന് ശേഷം നിരവധി ഉന്നതതല യോഗങ്ങളും നടന്നു. എന്നിട്ടും വേണ്ടത്ര പഠനം നടത്താതെ ബില്‍ അവതരിപ്പിച്ചത് ഈ വിഷയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലന്ന് വ്യക്തമാക്കുന്നു. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. 1960 ന് ശേഷം നല്‍കിയ പട്ടയങ്ങളിലെ വീടൊഴികെയുള്ളയെല്ലാ നിര്‍മാണങ്ങളും ചട്ടലംഘനത്തിന്റെ പരിധിയിലാക്കി വന്‍ തുക പിഴയീടാക്കി ക്രമവല്‍ക്കരിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ മുന്‍ തീരുമാനത്തിന് നിയമപരിരക്ഷ നല്‍കുക മാത്രമാണ് ഈ നിയമഭേതഗതിയിലൂടെ സര്‍ക്കാര്‍ ചെയ്തത്. വന്‍ തുക കോഴ വാങ്ങി, അഴിമതി സാര്‍വത്രികമാക്കുകയാണ് ഇതു വഴി ലക്ഷ്യം വച്ചിട്ടുള്ളത്. ഇതല്ലാതെ സങ്കീര്‍ണമായ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളൊന്നും ഭേദഗതി ബില്ലിലില്ല. 1960 ന് മുന്‍പ് നല്‍കിയ പട്ടയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദേശങ്ങളും നിയമഭേദഗതിയിലില്ല. ഭൂ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷത്തില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തിയ നാടകമായിരുന്നു ഈ ബില്ലവതരണമെന്ന് വ്യക്തമായതായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഭൂ പതിവ് ചട്ടം ലംഘിച്ചുള്ള നിര്‍മ്മാണം തടയാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ഉത്തരവ് ഇറക്കുന്നത് വരെ മുന്നാറിലെ എട്ട് വില്ലേജുകളിലൊഴികെ ജില്ലയില്‍ നിര്‍മാണപ്രവര്‍ത്തനം നടത്താന്‍ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. 2016 ജൂണില്‍ എന്‍. ഒ. സി നിര്‍ബന്ധമാക്കുന്നത് വരെ ഈ എട്ട് വില്ലേജുകളിലെ നിര്‍മാണത്തിനും തടസമുണ്ടായിരുന്നില്ല. ഈ കാലയളവില്‍ നിയമവിധേയമായി നടത്തിയ നിര്‍മാണങ്ങളെല്ലാം ചട്ടലംഘനത്തിന്റെ പരിധിയിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം ജില്ലയെ പ്രതികൂലമായി ബാധിക്കും. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡീന്‍ പറഞ്ഞു. ജില്ലയില്‍ പത്ത് ചെയിന്‍ മേഖലയിലും ലാന്‍ഡ് രജിസ്റ്ററിലെ തെറ്റായ രേഖപ്പെടുത്തലിന്റെ പേരിലും, വ്യാപാരസ്ഥാപനങ്ങള്‍ക്കും പട്ടയവിതരണത്തിന് തടസമായി നില്‍ക്കുന്ന നിയമങ്ങള്‍ ഭേതഗതി ചെയണം. കൂടാതെ അനധികൃത നിര്‍മാണങ്ങളൊഴികെയുള്ളവ ചട്ടലംഘനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി നിയമം ഭേദഗതി ചെയ്യണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!