ChuttuvattomThodupuzha

ഭൂപതിവ് നിയമ ഭേദഗതി ബില്‍; പി.ജെ. ജോസഫ് പുതിയ ഭേദഗതി അവതരിപ്പിക്കും

തൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി ബില്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് വരുമ്പോള്‍ പി.ജെ. ജോസഫ് എം.എല്‍.എ പുതിയ ഭേദഗതി അവതരിപ്പിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിവാദ നാലാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെടുമ്പോള്‍ മന്ത്രി റോഷി അഗസ്റ്റിന്‍ പിന്താങ്ങാന്‍ തയ്യാറാണോയെന്ന് ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബും കൗണ്‍സിലര്‍ ജോസഫ് ജോണും ചോദിച്ചു. പട്ടയഭൂമിയില്‍ നിര്‍മ്മാണ നിരോധനം പൂര്‍ണമായും ഒഴിവാക്കുമെന്ന് വിശ്വസിച്ചിരുന്ന ഭൂനിയമ ഭേഗഗതിക്ക് പകരം നിര്‍മ്മാണ നിരോധനം തുടരുന്ന ബില്ലിനെ പിന്തുണയ്ക്കുന്ന മന്ത്രിയുടെ നടപടി ഹൃദയഭേദകമാണ്. നിര്‍മ്മാണ നിരോധനമെടുത്ത് കളഞ്ഞാല്‍ പരിസ്ഥിതി വാദികള്‍ കോടതിയില്‍ പോകുമെന്ന റോഷിയുടെ പ്രസ്താവന അനവസരത്തിലുള്ളതും തികഞ്ഞ ഭീരുത്വവുമാണ്. നിയമസഭയില്‍ ബില്‍ അവതരണം കോടതി തടയാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി പ്രസ്താവിക്കുന്നത് നിയമസഭയുടെ വിപുലമായ അധികാരങ്ങളെക്കുറിച്ച് അറിയാഞ്ഞിട്ടല്ല. മറിച്ച് ജനങ്ങളില്‍ മനഃപൂര്‍വ്വം പരിഭ്രാന്തി സൃഷ്ടിക്കാനാണ്.

1960ലെ ഭൂപതിവ് നിയമത്തിലെ നിര്‍മ്മാണ നിരോധനം ഏര്‍പ്പെടുത്തുന്ന നാലാം വകുപ്പിന്റെ അടിസ്ഥാനത്തിലുള്ള ചട്ടം റദ്ദാക്കി ഭേദഗതി കൊണ്ടുവന്നാല്‍ ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ മുഴുവന്‍ ഒറ്റയടിക്ക് പരിഹരിക്കാന്‍ കഴിയും. എന്നാല്‍ ഈ വകുപ്പ് അതേപടി നിലനിറുത്തി പട്ടയഭൂമിയില്‍ നടത്തിയിട്ടുള്ള നിര്‍മ്മാണങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള നടപടി മാത്രമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പട്ടയ ഭൂമിയില്‍ എന്തെങ്കിലും നിര്‍മ്മാണം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് വ്യവസ്ഥ ചെയ്യുന്ന പുതിയ വകുപ്പ് ചേര്‍ത്ത് കര്‍ഷകരെ ഉപദ്രവിച്ചതിനെ മന്ത്രി അനുകൂലിച്ചത് നിര്‍ഭാഗ്യകരമാണ്. നാലാം വകുപ്പ് നിലനിറുത്തുന്നത് മൂലം ഇനി നല്‍കാനിരിക്കുന്ന ആയിരക്കണക്കിന് പട്ടയങ്ങളില്‍ ഉള്‍പ്പെടുന്ന ഭൂമി വീട് വയ്ക്കാനും കൃഷിക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന വ്യവസ്ഥയെ മന്ത്രിക്ക് എങ്ങനെ അനുകൂലിക്കാന്‍ കഴിയും. ജില്ലയില്‍ നിര്‍മ്മാണ നിരോധനവും നിയന്ത്രണവും നിലനിറുത്തണമെന്ന് വാദിക്കുന്ന കപട പരിസ്ഥതി വാദികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്. കേരളത്തില്‍ മറ്റൊരിടത്തും പട്ടയങ്ങളില്‍ ഇങ്ങനൊരു നിരോധന വ്യവസ്ഥയില്ല. ചക്കാമ്പുഴയിലും ഇടുക്കിയിലും രണ്ട് നിയമം വേണോയെന്ന് മന്ത്രി വ്യക്തമാക്കണം. പട്ടയഭൂമി കൃഷിക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്ന നിയമം ഭേദഗതി ചെയ്യുമെന്നാണ് നിയമസഭയിലും സര്‍വകക്ഷി യോഗത്തിലും തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ കൊണ്ടുവന്ന ഭേദഗതി കെട്ടിട നിര്‍മ്മാണം ക്രമവത്കരിക്കുന്നതിന് മാത്രമാണ്. ഇതുകൊണ്ട് കാര്‍ഷികമേഖലയ്ക്ക് എന്ത് പ്രയോജനമാണ് ഉണ്ടാകുന്നതെന്ന് മന്ത്രി വ്യക്തമാക്കണം. നാലാം വകുപ്പിലെ നിര്‍മ്മാണ നിയന്ത്രണ വ്യവസ്ഥ റദ്ദാക്കിയാല്‍ പട്ടയഭൂമിയില്‍ പുതിയ നിര്‍മ്മാണത്തിന് അനുമതി ആവശ്യമില്ല. പട്ടയഭൂമി നിര്‍മ്മാണ നിരോധനം ഇല്ലാതെ യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിക്കുന്നതിന് വേണ്ടി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനും പൊതുജന അഭിപ്രായം സൃഷ്ടിക്കുന്നതിനുമാണ് വിവാദ ബില്‍ കത്തിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!