IdukkiThodupuzha

ഭൂമികച്ചവടത്തില്‍ ലാഭം നല്‍കാമെന്ന വാഗ്ദാനം:35 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവ് പിടിയിൽ

അടിമാലി: ഭൂമികച്ചവടത്തില്‍ ലാഭം നല്‍കാമെന്ന വാഗ്ദാനം നല്‍കി വിളിച്ചു വരുത്തി 35 ലക്ഷം തട്ടിയെടുത്ത കേസില്‍ യുവാവിനെ കര്‍ണാടകയില്‍ നിന്നും അറസ്റ്റ് ചെയ്തു. തൊടുപുഴ ആരക്കുഴ ലക്ഷ്മി ഭവനില്‍ അനില്‍ വി കൈമള്‍ (38) ആണ് അറസ്റ്റിലായത്. മൂന്നു പ്രധാന പ്രതികള്‍ അടക്കം ഏഴുപേരെയാണ് കേസിലുള്ളത്. എന്നാല്‍ കൂടുതല്‍ പേരക്ക് സംഭവത്തില്‍ പങ്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 19-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭൂമി കച്ചവടത്തില്‍ ലാഭം ഉണ്ടാക്കാം എന്നു പറഞ്ഞ് ഫാ. പോള്‍ എന്ന് സ്വയം പരിചയപ്പെടുത്തി തിരുവനന്തപുരം കരമന സ്വദേശി ബോസിനെ വിളിച്ചു വരുത്തി. തുടര്‍ന്ന് പണം കൊണ്ടുവരാനും തന്റെ സഹായി പണം കണ്ട് ബോധ്യപെടാന്‍ വരും എന്നും അറിയിച്ചു. പിന്നീട് പണവുമായി വന്ന ബോസിനെ തള്ളിയിട്ട ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്തു കടന്നു കളഞ്ഞു എന്നാണ് പരാതി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടാം പ്രതി കരണാടകയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിന്റെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി: ബിനു ശ്രീധര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തുടര്‍ന്ന് വെള്ളത്തൂവല്‍ സി.ഐ: ആര്‍ കുമാര്‍, എസ്.ഐമാരായ സി.ആര്‍ സന്തോഷ്, സജി എന്‍. പോള്‍, ബിജു തുടങ്ങിയവയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. പിടിയിലായ അനില്‍ മൈസൂരിനടുത്ത് ഉള്ളതായി വിവരം ലഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാളെ നഞ്ചന്‍കോട് നിന്ന് കസ്റ്റഡിയിലെടുത്തു. 4,88,000 രൂപയും ഇയാളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആനച്ചാല്‍ സ്വദേശികള്‍ അടക്കം നിരവധിപേര്‍ കേസില്‍ ഉള്‍പ്പെട്ടതായി സൂചന ലഭിച്ചു. ഇതോടെ അന്വേഷണം എല്ലാ മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റിലായ അനിലിനെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തട്ടിയെടുത്ത് 35 ലക്ഷം രൂപ പ്രതികള്‍ ചേര്‍ന്ന് വീതം വെച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്.

Related Articles

Back to top button
error: Content is protected !!