ChuttuvattomIdukkiThodupuzha

ആശങ്കകളകറ്റി ഭൂപതിവ് ഭേദഗതി ബില്ല് : കേരളാ കോണ്‍ഗ്രസ് (എം)

തൊടുപുഴ: പതിനഞ്ചാം കേരള നിയമസഭ പാസ്സാക്കിയ 2023 ലെ കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ (ഭേദഗതി) ബില്ല് വര്‍ഷങ്ങളായി ജില്ലയില്‍ നിന്നിരുന്ന ഭൂപ്രശ്നം സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമിട്ടതായി കേരളാ കോണ്‍ഗ്രസ് (എം) സ്റ്റിയറിംഗ് കമ്മറ്റി.
ജില്ലയുടെ രൂപീകരണത്തിനുശേഷമുള്ള ഏറ്റവും വലിയ ചരിത്ര സംഭവമാണ് ഭൂപതിവ് ചട്ട ഭേദഗതി ബില്ല്. കാര്‍ഷികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി അനുമതി നല്‍കുന്നതിലൂടെ വാണിജ്യം,ടൂറിസം മേഖലകള്‍ക്കുകൂടി പുത്തനുണര്‍വാണ് ഉണ്ടാകുന്നത്. നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്തുന്നതോടൊപ്പം പുതിയ പട്ടയങ്ങള്‍ക്കുള്‍പ്പെടെ നിയമ നിര്‍മ്മാണം നടത്തുന്നതിന് സര്‍ക്കാരിനെ അധികാരപ്പെടുത്തിയതിലൂടെ കര്‍ഷകര്‍ക്ക് അനുകൂലമായ ഉത്തരവുകളാണ് പ്രതീക്ഷിക്കുന്നത്. 1960 ലെ ഭൂപതിവ് ചട്ടം കുറ്റമറ്റ വിധം ഭേദഗതി ചെയ്യുമ്പോഴും സാക്ഷിയാകാന്‍ നിയമസഭയില്‍ യു.ഡി.എഫിലെ ആറ് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നുവെന്നത് ഖേദകരമാണ്. പ്രത്യേക നിയമസഭ വിളിച്ചു ചേര്‍ത്ത് നിയമനിര്‍മ്മാണ നടത്തണമെന്ന് പൊതുജനമധ്യേയും ചാനലുകളിലും പ്രസംഗിച്ചുകൊണ്ടിരുന്ന യു.ഡി.എഫ് ജനപ്രതിനിധികളുടെ അറിവോടെ ബില്ലിന്‍ മേല്‍ ക്രമപ്രശ്നം ഉന്നയിച്ച് ബില്ല് അവതരണം നീട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. കഴിഞ്ഞ സഭാ കാലയളവില്‍ ബില്ല് അവതരിപ്പിക്കുമെന്ന് പറഞ്ഞപ്പോള്‍ നിയമസഭ തന്നെ തടസ്സപ്പെടുത്തി സഭാകാലയളവ് വെട്ടിച്ചുരുക്കേണ്ടിവന്നതിന്‍റെ ഗൂഢലക്ഷ്യവും ഇതില്‍ നിന്നും വ്യക്തമാണ്.
ജോസഫ് വിഭാഗം ജില്ലയില്‍ ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്. മലയോര മേഖലക്ക് അനുകൂലമായ ഭേദഗതി ബില്ലിനെ അഭിമുഖീകരിക്കുവാന്‍പോലും മനസാന്നിധ്യമില്ലാതെ നിയമസഭയില്‍ നിന്നും മാറി നിന്ന പി.ജെ ജോസഫ് സഭയില്‍ ഉരിയാടാതെ ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ ഭേദഗതി ബില്ല് കത്തിച്ചുകൊണ്ടുള്ള സമരം നടത്തിയത് അപഹാസ്യമാണെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നേതാക്കളായ അഡ്വ. അലക്സ് കോഴിമല, പ്രൊഫ. കെ.ഐ ആന്‍റണി, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, റെജി കുന്നംകോട്ട്, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, അഡ്വ. മനോജ് എം.തോമസ്, ഷാജി കാഞ്ഞമല, ജിന്‍സന്‍ വര്‍ക്കി, ജിമ്മി മറ്റത്തിപ്പാറ, ടോമി പകലോമറ്റം, റോയിച്ചന്‍കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!