Thodupuzha

തലയനാട് ഹരിജന്‍ കോളനിയില്‍  മണ്‍തിട്ട ഇടിഞ്ഞ് വീണ് നാശം

തൊടുപുഴ: കനത്ത മഴയില്‍ വീടിന് പിന്നിലേക്ക് പാറക്കല്ല് ഉള്‍പ്പടെ 30 അടിയോളം ഉയരത്തിലുള്ള മണ്‍തിട്ട ഇടിഞ്ഞ് വീണു. ആലക്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍പ്പെട്ട അഞ്ചിരി തലയനാട് ഹരിജന്‍ കോളനിയിലെ ഓലിയകുടിയില്‍ റെജി ഒ.സി.യുടെ വീടിന് പിന്നിലേക്കാണ് ഉയരത്തിലുള്ള മണ്‍തിട്ടയും പാറ കല്ലുകളും ഇടിഞ്ഞ് വീണത്. വീടിന്റെ അടുക്കള ഭാഗത്തും സമീപത്തെ ശുചി മുറിയിലേക്കും കല്ലും മണ്ണും പതിച്ചതിനെ തുടര്‍ന്ന് ശുചി മുറി പൂര്‍ണമായും തകര്‍ന്നു. ബാക്കി ഭാഗത്തെ മണ്‍തിട്ടയും മരവും എപ്പോള്‍ വേണമെങ്കിലും വീടിന് മുകളിലേക്ക് വീണേക്കാവുന്ന നിലയിലാണ്. സംഭവ സമയം വീട്ടില്‍ റെജിയും കിടപ്പു രോഗിയായ അമ്മയും ഭാര്യയും കുട്ടികളുമുണ്ടായിരുന്നു. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും വന്‍ ശബ്ദം കേട്ടതോടെ റെജി രോഗിയായ അമ്മയേയും എടുത്ത് ഭാര്യയേയും മക്കളേയും കൂട്ടി പുറത്തേക്ക് ഓടുകയായിരുന്നു. കൂലിപ്പണിയെടുത്താണ് റെജി കിടപ്പു രോഗിയായ അമ്മയടങ്ങുന്ന കുടുംബം പോറ്റിയിരുന്നത്. മണ്ണിടിഞ്ഞ് ശുചിമുറി തകരുകയും ഏതു സമയവും നിലം പൊത്താവുന്ന രീതിയില്‍ മണ്‍തിട്ടകള്‍ നില്‍ക്കുന്നതിനാലും മഴ സമയങ്ങളില്‍ വീട്ടില്‍ താമസിക്കാനാകാത്ത അവസ്ഥയാണ് ഈ കുടുംബത്തിന്. പഞ്ചായത്ത് അധികാരികളും മറ്റും സ്ഥലം സന്ദര്‍ശിച്ചിരുന്നു. തലയനാട് അഗ്രോ സര്‍വീസ് സെന്ററില്‍ തുടങ്ങിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലാണ് ഈ കുടുംബം. അധികാരികളുടെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Related Articles

Back to top button
error: Content is protected !!